സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം; ഗവർണർക്ക് പരാതി നൽകി ബിജെപി

Tuesday 05 July 2022 5:41 PM IST

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് വിവാദപരാമർശങ്ങൾ നടത്തിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകുകയായിരുന്നു.

ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സജി ചെറിയാനെതിരെ മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി. മന്ത്രിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി.