ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തി - പൊതു ജീവിതത്തിൽ പകർത്തിയ വ്യക്തി; അന്തരിച്ച പി ഗോപിനാഥൻ നായർക്ക് അനുശോചനം അർപ്പിച്ച് പ്രമുഖർ

Tuesday 05 July 2022 10:01 PM IST

തിരുവനന്തപുരം: ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപോലെ പകർത്തിയ വ്യക്തിയായിരുന്നു പി ഗോപിനാഥൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശുദ്ധവും സുതാര്യവുമായി വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാറാട് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ മുഖ്യ പങ്ക് വഹിച്ച ഗോപിനാഥൻ നായരുടെ വിയോഗം തീരാ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റേത് നിസ്വാർത്ഥ പ്രവർത്തനമായിരുന്നെന്നും ആന്റണി പറ‌ഞ്ഞു. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ശൂന്യതയുണ്ടാക്കുന്ന വിയോഗമാണ് പി ഗോപിനാഥൻ നായരുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

മറ്റന്നാൾ നൂറ് വയസ് പൂ‌ർത്തിയാകാനിരിക്കെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചത്. പഠനകാലത്ത് ഗാന്ധിജിയെ നേരിൽക്കണ്ട ഗോപിനാഥൻ നായർ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. കോളേജ് കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ക്വി‌റ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്‌ടിച്ചു. ഗാന്ധി ‌സ്‌മാരകനിധിയുടെ അദ്ധ്യക്ഷനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള‌ള അദ്ദേഹത്തിന് രാജ്യം 2016ൽ പത്മശ്രീ നൽകി ആദരിച്ചു.

1922 ജൂലായ് ഏഴിന് എം.പദ്മനാഭ പിള‌ളയുടെയും ജാനകിയമ്മയുടെയും മകനായി നെയ്യാറ്റിൻകരയിലാണ് ഗോപിനാഥൻ നായരുടെ ജനനം. നെയ്യാ‌റ്റിൻകര ഹൈസ്‌കൂളിൽ സ്‌കൂൾപഠനം നടത്തി, തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്താണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. നെയ്യാറ്റിൻകരയിൽ ഗാന്ധിയെത്തിയപ്പോൾ കണ്ടതാണ് പ്രചോദനമായത്. 1995 മുതൽ 2000 വരെ ഗാന്ധിയൻ സേവാഗ്രാമ അദ്ധ്യക്ഷനായി. പഞ്ചാബിൽ ഹിന്ദു-സിഖ് സംഘർഷമുണ്ടാപ്പോഴും മാറാട് കലാപ സമയത്തും സമാധാന ശ്രമങ്ങൾക്ക് സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് അദ്ദേഹം.