'വരൂ പ്രിയരേ, നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം, അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്‌തോയെന്ന് നോക്കാം' ; പരിഹസിച്ച് ഹരീഷ് പേരടി
ഭരണഘടനയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെ വിഷയത്തിൽ "പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം...അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം... അവിടെവച്ച് നിങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും... കഥ -കുന്തവും കൊടചക്രവും..." എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു പരാമർശം.