ഡീസൽ വാങ്ങാൻ പണം ഇല്ല, കടവും കിട്ടാത്ത അവസ്ഥ; രണ്ടാം ദിവസവും കണ്ണൂരിൽ കെ എസ് ആർ ടി സി സർവീസുകൾ മുടങ്ങി
Wednesday 06 July 2022 4:25 PM IST
കണ്ണൂർ: ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രണ്ടാം ദിവസവും കണ്ണൂരിലെ കെ എസ് ആർ ടി സി സർവീസുകൾ മുടങ്ങി. ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയൽ ജില്ലകളിലേയ്ക്കുള്ളതുൾപ്പെടെ 40സർവീസുകളാണ് മുടങ്ങിയത്. മലയോര മേഖലയിൽ ഡീസൽ ഇല്ലാത്തത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയില്ല.
കഴിഞ്ഞ ദിവസവും കണ്ണൂരിൽ ഡീസൽ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഏഴ് സർവീസുകളെ ഇത് ബാധിച്ചിരുന്നു. നിത്യ ചെലവിനുള്ള പണം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി നീക്കിയതാണ് പെട്ടെന്ന് പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നാണ് കെ എസ് ആർ ടി സിയുടെ വാദം. ഡീസൽ അടിച്ച വകയിൽ സ്വകാര്യ പമ്പിന് പണം നൽകാനുള്ളതിനാൽ കടം കിട്ടാത്ത അവസ്ഥയാണ്. മറ്റുസ്ഥലങ്ങളിൽ നിന്ന് ഡീസൽ എത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ നീക്കം തുടങ്ങിയതായി കെ എസ് ആർ ടി സി അറിയിച്ചു.