കൊഹ്‌ലിക്ക് വീണ്ടും തിരിച്ചടി,​ 2016ന് ശേഷം ആദ്യമായി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്ത്; കരിയറിലെ മികച്ച റാങ്ക് സ്വന്തമാക്കി റിഷഭ് പന്ത്

Wednesday 06 July 2022 4:34 PM IST

ദുബായ്: ആറ് വർഷത്തോളം ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് തിരിച്ചടി. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ 9–ാം സ്ഥാനത്തായിരുന്ന താരം നാല് സ്ഥാനങ്ങൾ നഷ്ടമാക്കി 13–ാം സ്ഥാനത്തേക്കിറങ്ങി.

2016 നവംബറിന് ശേഷം ഇതാദ്യമായാണ് വിരാട് കൊഹ്‌ലി ഐ.സി.സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്താകുന്നത്. എഡ്‌ജ്ബാസ്റ്റൻ ടെസ്റ്റിലെ മോശം പ്രകടനമാണ് കൊഹ്‌ലിക്ക് തിരിച്ചടിയായത്. എഡ‌്ജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 11 റൺസെടുത്ത കൊഹ്‌ലി രണ്ടാം ഇന്നിംഗ്‌സിൽ 20 റൺസാണ് നേടിയത്.

അതേസമയം,​ എഡ്‌ജ്ബാസ്റ്റൻ ടെസ്റ്റിൽ സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും നേടിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്ക് ആണിത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്നായി രണ്ട് സെഞ്ചറിയും മൂന്ന് അർദ്ധ സെഞ്ചറിയും താരം നേടിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യ പത്തിലുള്ള മറ്റൊരു താരം. ഒൻപതാം സ്ഥാനത്താണ് താരമിപ്പോൾ.

ഇംഗ്ലണ്ട് താരം ജോ റൂട്ട് തന്നെയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. 923 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. ഇതോടെ ഐസിസിയുടെ റാങ്കിംഗ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോയിന്റുകൾ നേടിയ 20 ബാറ്റർമാരുടെ എലീറ്റ് പട്ടികയിൽ ഇടംനേടാൻ റൂട്ടിനായി.