അഗ്നിരക്ഷാ സേന ഹൈടെക് രക്ഷാപ്രവർത്തനത്തിന്, ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോമും ഫയർഫൈറ്റിംഗ് റോബോട്ടും വാങ്ങും

Thursday 07 July 2022 12:41 AM IST

തിരുവനന്തപുരം: ബഹുനില വാണിജ്യ സ്ഥാപനങ്ങളിൽ അടിക്കടി തീപിടിത്തമുണ്ടാവുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്തതോടെ ഹൈടെക് സൗകര്യങ്ങളൊരുക്കി അഗ്നിരക്ഷാസേന. ബഹുനില മന്ദിരങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോമും (യന്ത്രഗോവണി) മനുഷ്യർക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത, അഗ്നിപടർന്ന ഇടങ്ങളിൽ രക്ഷാപ്രവ‌ർത്തനം നടത്തുന്നതിന് ഫയർഫൈറ്റിംഗ് റോബോട്ടും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി. ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോം എറണാകുളത്തിനും ഫയർ ഫൈറ്റിംഗ് റോബോട്ട് തിരുവനന്തപുരത്തിനുമാകും നൽകുക.

ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോമിന് 12 കോടിയോളം രൂപ വിലയുണ്ട്. മൂന്ന് കോടി രൂപ നികുതിയിനത്തിൽ ഒടുക്കേണ്ടിവരും. 2 കോടിരൂപ വിലയുള്ള ഫയർ ഫൈറ്റിംഗ് റോബോട്ടുകൾ രണ്ടെണ്ണം വാങ്ങും. ഗ്ലോബൽ ടെൻഡർ വഴിയാകും പർച്ചേസ്. ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാകും. പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോം

വാഹനത്തിൽ ഘടിപ്പിക്കുന്ന പ്ലാറ്റ്‌ഫോം 60 മീറ്റർവരെ ഉയർത്താനാകും. അഗ്നിരക്ഷാസേനാംഗങ്ങൾക്ക് മുകൾനിലയിലെത്തി രക്ഷാപ്രവർത്തനം നടത്താനും കുടുങ്ങിക്കിടക്കുന്നവരെ ഇതിലേക്കു മാറ്റാനുമാകും. ഓർഡർ നൽകി 10 മാസം കഴിഞ്ഞാലേ ലഭ്യമാകൂ.

ഫയർഫൈറ്റിംഗ് റോബോട്ട്

മണിക്കൂറിൽ നാല് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിന് മിനിറ്റിൽ 2400 ലിറ്റർ വെള്ളം നൂറ് മീറ്റർ അകലത്തേക്ക് ചീറ്റാനുള്ള ശേഷിയുമുണ്ട്. തീപിടിത്തത്തിന്റെ ഉയരം അനുസരിച്ച് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടിന് സെൻസറും കാമറയും ഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി ഫയർഫോഴ്സിന് ഇത്തരത്തിലുള്ള റോബോട്ടുകളുണ്ട്.

Advertisement
Advertisement