രാജിക്ക് പിന്നാലെ സജി ചെറിയാന് വീണ്ടും കുരുക്ക്,​ വിവാദ പ്രസംഗത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം

Wednesday 06 July 2022 8:44 PM IST

പത്തനംതിട്ട : ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദപ്രസംഗത്തിൻമേൽ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം. തിരുവല്ല ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിനാണ് കേസ്. കൊച്ചി സ്വദേശിയായ ബൈജു നോയൽ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്‌ച ഹർജി പരിഗണിക്കാനായിരുന്നു നേരത്തെയുള്ള നിർദ്ദേശമെങ്കിലും ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

വിവാദ പ്രസ്താവനയിൽ സജി ചെറിയാനെതിരെ കേസെടുക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

കേസെടുക്കുന്നതിലെ കാലതാമസത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയിരുന്നെങ്കിലും എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

അതേസമയം രാജി പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലും വിവാദ പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണെന്നും സതീശൻ ചോദിച്ചു.

സിപിഎം കേന്ദ്ര നേതൃ‍ത്വത്തിന്റെ ഇടപടലിനെ തുടർന്നാണ് സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നൽകിയത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു സജി ചെറിയാന്റെ വിവാദപ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.