സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ല, ആശങ്കകൾ പരിഹരിച്ച് നടപ്പാക്കും: മുഖ്യമന്ത്രി

Thursday 07 July 2022 12:27 AM IST

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സമഗ്ര പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉയർന്ന നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ആശങ്കകൾ പരിഹരിച്ച് ജനപിന്തുണയോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അഴിമതിയും കൈക്കൂലിയും തടയാൻ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമാക്കും. കുറ്റാരോപിതർക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അഴിമതിരഹിത സദ്ഭരണം ഉറപ്പാക്കാൻ നാലാം ഭരണ പരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കും.

സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം എല്ലാ സർക്കാർ ഓഫീസുകളിലും നടപ്പാക്കും. തസ്തികകളുടെ എണ്ണം കുറയ്‌ക്കാതെ ജീവനക്കാരുടെ പുനർവിന്യാസം നടത്തുന്നത് പരിശോധിക്കുകയാണ്. വിമുക്തഭടന്മാർക്കായി നീക്കിവച്ച ഒഴിവുകളുൾപ്പെടെ സർക്കാർ സർവീസിലെ എല്ലാ ഒഴിവുകളിലും നിയമനം വേഗത്തിലാക്കും.

കൊവിഡ് കാലത്ത് ഐ.ടി മേഖലയിൽ പുതുതായി 10,400 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ടെക്‌നോപാർക്കിൽ 41, കൊച്ചി ഇൻഫോപാർക്കിൽ 100, കോഴിക്കോട് സൈബർ പാർക്കിൽ 40 എന്നിങ്ങനെ 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു.

 സംസ്ഥാനത്ത് 25

ഗുണ്ടാ സംഘങ്ങൾ

ഈ സർക്കാരിന്റെ കാലത്ത് ഗുണ്ടാ ആക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റു. 29 കേസുകൾ രജിസ്റ്റർ ചെയ്തു. 179 പേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തും കോട്ടയത്തും രണ്ടുവീതവും ആലപ്പുഴയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് 25 ഗുണ്ടാ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 222 പേരാണ് സജീവമായി ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

ഒരു വർഷത്തിനിടെ സ്വകാര്യ വാഹനങ്ങളുടെ അപകടങ്ങളിൽ 3,292 പേർ മരിച്ചു. 35,​476 അപകടങ്ങളിലായി 27,​745 പേർക്ക് ഗുരുതര പരിക്കും 10,591 പേർക്ക് നിസാരപരിക്കുമേറ്റു. ചരക്കു ലോറികൾ ഉണ്ടാക്കിയ അപകടങ്ങളിൽ 510 പേരാണ് മരിച്ചത്. ഒരു വർഷത്തിനിടെ 1000 കാൽനട യാത്രക്കാർ അപകടത്തിൽ മരിച്ചു. വിവിധ ഭാഗങ്ങളിൽ ബൈക്ക് റേസിംഗിൽ അഞ്ചുപേർ മരിച്ചു.

Advertisement
Advertisement