രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ചവർക്ക് ജാമ്യം; ഊഷ്‌മള സ്വീകരണം നൽകി എസ്‌എഫ്ഐ

Wednesday 06 July 2022 11:49 PM IST

കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമണത്തിൽ അറസ്‌റ്റിലായി റിമാൻഡിലായിരുന്ന എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കേസിൽ പിടിയിലായിരുന്ന 29 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് ജയിലിന് പുറത്ത് വൻ സ്വീകരണം നൽകി. ജു‌‌ഡീഷ്യൽ കസ്‌റ്റഡിയിൽ നിന്നും മോചിതരായ ഇവരെ മുദ്രാവാക്യം വിളിച്ചും റിബൺ അണിയിച്ചുമാണ് പ്രവർത്തകർ വരവേറ്റത്.

എസ്‌എഫ്ഐ വയനാട് ജില്ലാ മുൻ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്‌ണു ഷാജി, മൂന്ന് വനിതാ പ്രവ‌ർത്തകർ എന്നിവരടക്കമാണ് 29 പേർ ജൂൺ 26ന് അറസ്‌റ്റിലായത്. സംഭവത്തിൽ സംഘടന വളരെയധികം പ്രതിരോധത്തിലായി. ഇത് ഇടത് മുന്നണിയെ ദേശീയതലത്തിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചു. തുടർന്ന് എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് കർശന നടപടിയാണ് സംഘടന കൈക്കൊണ്ടത്. പകരം അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.