പാറ്റകളെ തുരത്താൻ മാത്രമല്ല പാറ്റാഗുളികയ്ക്ക് ഇങ്ങനെയും ഒരുപയോഗമുണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം, ആക്രമണം തിരിച്ചറിയുകയാണ് ഏറെ പ്രയാസം

Thursday 07 July 2022 10:24 AM IST

പേരാമ്പ്ര: കേര കർഷകർക്ക് ഭീഷണിയായി തെങ്ങുകളിൽ കൊമ്പൻ ചെല്ലി അക്രമണം രൂക്ഷമാകുന്നു.ചെമ്പനോട, ബാലുശ്ശേരി പ്രദേശങ്ങളിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണം മൂലം തെങ്ങ് പാടെ മറിഞ്ഞു വീഴുകയാണ്. എന്നാൽ തെങ്ങിന് പ്രത്യക്ഷത്തിൽ മറ്റു ലക്ഷണങ്ങളൊന്നും കാണാനില്ല. തെങ്ങിൻ തടിയിലെ ഓലയിടുക്കുകളിൽ ദ്വാരം കണ്ടെത്താൻ കഴിയും. അതു കൊണ്ടു തന്നെ ഇവയുടെ ആക്രമണം തുടക്കത്തിൽ കണ്ടെത്തുക പ്രയാസമാണെന്നാണ് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധികൃതർ പറയുന്നത്.നെടിയൻ തെങ്ങിനങ്ങളെ അപേക്ഷിച്ച് കുള്ളൻ ഇനങ്ങൾക്ക് ആക്രമണം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. റിങ്കോഫോറസ് ഫെറുജിനിയസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.

കൊമ്പൻ ചെല്ലി ആക്രമണം

തെങ്ങിന്റെ തടിയിലും മണ്ടയിലും കണ്ണാടി ഭാഗത്തുമാണ് ഇവയുടെ ആക്രമണമുണ്ടാകുന്നത്. കൂമ്പുചീയൽ, ഓലചീയൽ, എന്നീ രോഗങ്ങളുള്ള തെങ്ങുകളും കൊമ്പൻചെല്ലിയുടെ ആക്രമണത്തിന് വിധേയമാകാറുണ്ട്.തെങ്ങിൽ ഉണ്ടാകുന്ന മുറിവിൽ നിന്നും വരുന്ന മണമാണ് വണ്ടുകളെ ആകർഷിക്കുന്നത്.

വേണം മുൻകരുതൽ

250 ഗ്രാം വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് തുല്യ അളവിൽ മണലും ചേർത്ത് നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലയിടുക്കുകളിൽ ഇട്ടു കൊടുക്കുക. തെക്കുപടിഞ്ഞാറൻ കാലവർഷത്തിനു മുമ്പും അതു കഴിഞ്ഞും രണ്ടു തവണയാണ് ഇതു ചെയ്യേണ്ടത്. 12 ഗ്രാം വീതമുള്ള പാറ്റാഗുളിക ( നാഫ്തലീൻ ഗുളിക) ഒരു തെങ്ങിന് 4 എണ്ണം എന്ന കണക്കിന് കൂമ്പിലകൾക്ക് ചുറ്റും വെച്ച് മണലു കൊണ്ട് മൂടുക. ഇത് 45 ദിവസം കൂടുമ്പോൾ ആവർത്തിക്കണം.