വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർ പരാതി പറഞ്ഞിട്ടില്ല, ഇ പിയ്ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

Thursday 07 July 2022 12:32 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇ പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാൻ ശ്രമിച്ചു. ഇതിനെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ-മെയിലിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. ഇ പി ജയരാജൻ മർദിച്ചതായി കേസിലെ പ്രതികൾ കോടതിയിലോ പൊലീസിലോ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നതിനാണ് ഇ പി ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോദ്ധ്യമായതിനാൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം മുഴുവൻ മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ പി ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതും വിവാദമായിരുന്നു.

Advertisement
Advertisement