വാഹന ഇൻഷ്വറൻസ് പ്രീമിയം ഇനി ഉപയോഗം അനുസരിച്ച്

Friday 08 July 2022 2:46 AM IST

കൊച്ചി: വാഹന ഉടമകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ഒരുപോലെ നേട്ടമാകുംവിധം പ്രീമിയം നിർണയരീതി അടിമുടി പൊളിച്ചെഴുതാൻ അനുമതി നൽകി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ).

1) സഞ്ചരിക്കുന്ന ദൂരം (പേ ആസ് യു ഡ്രൈവ്), 2) ഡ്രൈവിംഗ് രീതി (പേ ഹൗ യു ഡ്രൈവ്) എന്നിവ വിലയിരുത്തിയാണ് പ്രീമിയംതുക നിശ്ചയിക്കുക. ഒന്നിലധികം വാഹനങ്ങൾ (കാർ, ടൂവീലർ) സ്വന്തമായി ഉള്ളവർ വെവ്വേറെ പോളിസി എടുക്കുന്നതിന് പകരം ഒറ്റ ഇൻഷ്വറൻസ് എടുക്കാവുന്ന 'ഫ്ളോട്ടർ" ഇൻഷ്വറൻസ് പോളിസിക്കും ഐ.ആർ.ഡി.എ.ഐ അനുമതി നൽകി.

വാഹനങ്ങളുടെ ഓൺ ഡാമേജ് (ഒ.ഡി) കവറേജിൽ വാഹന ഉടമയുടെ ഡ്രൈവിംഗ് രീതി, സഞ്ചരിക്കുന്ന ദൂരം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കി ആഡ്-ഓൺ പോളിസി പുറത്തിറക്കാനാണ് ജനറൽ ഇൻഷ്വറൻസ് കമ്പനികളോട് ഐ.ആർ.ഡി.എ.ഐ ആവശ്യപ്പെട്ടത്. ടെക്‌നോളജി അധിഷ്‌ഠിതമായി വിവരങ്ങൾ ശേഖരിച്ചാകും പോളിസി പ്രീമിയം നിർണയിക്കുക.

വാഹന ഉടമകൾക്ക് വലിയ നേട്ടം

വാഹന ഉടമകൾക്ക് ഇൻഷ്വറൻസ് പ്രീമിയംതുകയിൽ വലിയ ആശ്വാസം സമ്മാനിക്കുന്നതാണ് ഐ.ആർ.ഡി.എ.ഐയുടെ പുതിയ നിർദേശം.

1. പേ ആസ് യു ഡ്രൈവ്

അടുത്ത ഒരുവർഷത്തേക്ക് എത്രദൂരം സഞ്ചരിക്കുമെന്ന പ്രതീക്ഷിത കണക്ക് ഉടമ നൽകണം. ഇതിന് അനുസരിച്ച് പ്രീമിയം തുക നിശ്ചയിക്കുന്നതാണ് പേ ആസ് യു ഡ്രൈവ് മാനദണ്ഡം. പ്രതീക്ഷിതദൂരവും കഴിഞ്ഞ് സഞ്ചരിച്ചാൽ കൂടുതൽ പ്രീമിയം അടയ്ക്കണം.

നേട്ടം: ഒരാൾ അയാളുടെ കാർ 500 കിലോമീറ്ററും മറ്റൊരാൾ തന്റെ കാർ 2000 കിലോമീറ്ററും ഓടിക്കുന്നു എന്നിരിക്കട്ടെ. ഇരുവരും നിലവിൽ അടയ്ക്കേണ്ടത് സ്ഥിരമായ (ഫിക്‌സഡ്) ഒറ്റ പ്രീമിയമാണ്. പുതിയ മാനദണ്ഡം വരുന്നതോടെ ഓട്ടത്തിന് അനുസരിച്ചാണ് പ്രീമിയം. കുറഞ്ഞദൂരം സഞ്ചരിക്കുന്നയാൾക്ക് പ്രീമിയംതുക കുറയും.

2. പേ ഹൗ യു ഡ്രൈവ്

വാഹനം ഉപയോഗം, ഓടിക്കുന്ന വേഗം തുടങ്ങിയവ അടിസ്ഥാനമാക്കി പ്രീമീയം നിർണയിക്കുന്നു. വാഹനം സുരക്ഷിതമായും നിയന്ത്രണവേഗത്തിലും ഓടിക്കുന്നയാൾക്ക് പ്രീമിയം കുറവായിരിക്കും.

നേട്ടം: ട്രാഫിക് നിയമങ്ങൾ പാലിച്ചും കരുതലോടെയും വാഹനം ഓടിക്കാൻ ഉടമയെ പ്രേരിപ്പിക്കും.

പ്രീമിയം നിർണയരീതി

ജി.പി.എസ് അധിഷ്‌ഠിത മൊബൈൽ ആപ്പ് ഉൾപ്പെടെ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് വാഹന ഉടമയുടെ വിശദാംശങ്ങൾ ഇൻഷ്വറൻസ് കമ്പനി ശേഖരിക്കുക. ഈ വിവരങ്ങൾക്കനുസരിച്ച് പ്രീമിയം തുകയും നിശ്ചയിക്കും.

കമ്പനികളുടെ നേട്ടം: വാഹന ഉടമകളുടെ ഡ്രൈവിംഗ് രീതിയും റിസ്‌കുകളും അതിവേഗം മനസിലാക്കി പ്രീമിയംതുക നിശ്ചയിക്കാനും ക്ളെയിമുകൾ സുഗമമായി തീർപ്പാക്കാനും കഴിയും.

ഫ്ളോട്ടർ പോളിസി

ഒന്നിലധികം വാഹനങ്ങൾ (കാർ, ടൂവീലർ) സ്വന്തമായുള്ളവർക്ക് ഇനി ഒറ്റ ഇൻഷ്വറൻസ് പോളിസി എടുക്കാം.

Advertisement
Advertisement