ജയ് ഭീം എന്ന മുദ്രാവാക്യത്തിന്റെ മുഴക്കങ്ങൾ

Friday 08 July 2022 12:09 AM IST

 ഭരണഘടനയെ മറയാക്കി പ്രതിപക്ഷത്തിന്റെയും ചില മാദ്ധ്യമങ്ങളുടെയും നേതൃത്വത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് മന്ത്രി സജി ചെറിയാന് 'രക്തസാക്ഷിത്വം' വരിക്കേണ്ടി വന്നുവെന്ന് ചില ഭരണകക്ഷിയംഗങ്ങൾ ചിന്തിച്ചു. അവരെല്ലാം വിലാപകാവ്യങ്ങളുമായി സഭയിലെത്തി. ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയിൽ വിലാപകാവ്യങ്ങൾ മുഴങ്ങി: എലിജി റിട്ടൺ ഫോർ സജി ചെറിയാൻ.

മന്ത്രിപദമൊഴിഞ്ഞ സജി ചെറിയാന് ബുധനാഴ്ച വരെയിരുന്ന രണ്ടാംനിരയിലെ നാലാം സീറ്റിൽ നിന്ന് അതേനിരയിൽ മന്ത്രിമാർക്ക് ശേഷമുള്ള സീറ്റിലേക്ക് മാറ്റമുണ്ടായിരിക്കുന്നു. ശൂന്യവേള തീരുംമുമ്പ് പോയ അദ്ദേഹം ചർച്ചാവേളയിൽ അംഗങ്ങളുടെ വിലാപകാവ്യം കേൾക്കാനിരുന്നില്ല.

ഭരണഘടനയോട് ഇത്രയ്ക്ക് പ്രേമമുള്ള കോൺഗ്രസല്ലേ അതിലെ 356ാം വകുപ്പിനെ ഉപയോഗിച്ച് 1959ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതെന്ന് മുരളി പെരുനെല്ലി രോഷം പൂണ്ടു. അങ്ങനെ പിരിച്ചുവിട്ട് അംബേദ്കറെ അവഹേളിച്ചവർ ഇവിടെ ജയ് ഭീം എന്ന് മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ പാലാരിവട്ടം പാലത്തിന്റെ ബീമിനെപ്പറ്റിയാണോ അതെന്നദ്ദേഹം സംശയിച്ചു. പ്രതിപക്ഷം ഇളകി.

പാലാരിവട്ടം ബീമെന്ന പ്രയോഗം ആരെക്കുറിച്ചാണ് സാർ എന്ന് എൻ. ഷംസുദ്ദീനും ടി.സിദ്ദിഖുമൊക്കെ ക്രമപ്രശ്നമുയർത്തി. പ്രയോഗം രേഖയിൽ പാടില്ല. ചെയറിലുണ്ടായിരുന്നത് കെ.ഡി. പ്രസേനനാണ്. പരിശോധിക്കാം എന്നദ്ദേഹം പറഞ്ഞെങ്കിലും പ്രതിപക്ഷ യുവതുർക്കികൾ തൃപ്തരായില്ല. അവർ നടുത്തളത്തിലേക്ക് കുതിച്ചു. ജയ് ഭീം, ജയ് ഭീം, മാപ്പ് പറയൂ, മാപ്പ് പറയൂ എന്ന് മൂന്ന്, നാല് വട്ടം മുദ്രാവാക്യം മുഴക്കി.

അംബേദ്കറെ അധിക്ഷേപിക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്ന മുരളി പെരുനെല്ലിയുടെ വിശദീകരണത്തിൽ പ്രതിപക്ഷം തൃപ്തരായില്ല. സ്പീക്കർ വന്നശേഷം പ്രശ്നത്തിൽ റൂളിംഗ് നൽകുമെന്ന പ്രസേനന്റെ ഉറപ്പിലാണവർ അടങ്ങിയത്.

ഭരണഘടനയല്ല, വിശ്വാസമാണ് വലുതെന്ന് പറഞ്ഞയാൾ കെ.പി.സി.സി പ്രസിഡന്റായി ഇപ്പോഴുമിരിക്കുമ്പോഴാണ് സജി ചെറിയാനെ രാജിവച്ചിട്ടും നികൃഷ്ടമായി ചിത്രീകരിക്കുന്നത് എന്ന് കെ.യു. ജനീഷ് കുമാർ പരിഭവിച്ചു.

ജയ് ഭീം എന്ന മുദ്രാവാക്യം തരുന്ന ആത്മവിശ്വാസമെത്രയാണെന്ന് മനസ്സിലാക്കണമെന്ന് എ.പി. അനിൽകുമാർ ഭരണപക്ഷത്തെ ഉപദേശിച്ചു. അപ്പുറത്തിരിക്കുന്നവരുടെയുള്ളിൽ സവർണബോധത്തിന്റെ മാറാപ്പ് ഇപ്പോഴുമുണ്ടെന്നാണദ്ദേഹത്തിന്റെ തോന്നൽ.

കേരളത്തിന്റെ വിശ്വാസ്യതയ്ക്ക് നിദാനം പിണറായി സർക്കാർ എന്ന ബ്രാൻഡ് വാല്യുവാണെന്ന് സുജിത് വിജയൻപിള്ള നിരീക്ഷിച്ചു. ആരോഗ്യകേരളത്തിന്റെ ആയുസ്സ് കുറയ്ക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ കണ്ടത് കടന്നപ്പള്ളി രാമചന്ദ്രനാണ്. ആശുപത്രികളെല്ലാം തുരുമ്പെടുത്ത് നശിക്കുന്നതായി വിലപിച്ച ഐ.സി. ബാലകൃഷ്ണനോട് യു. പ്രതിഭയ്ക്ക് ഉപദേശിക്കാനുണ്ടായിരുന്നത് തുരുമ്പെടുത്ത മനസ്സിനെയൊന്ന് മാറ്റിയെടുക്കൂ എന്നാണ്. കിറ്റ് കൊടുത്ത് ജയിച്ചവരാണ് നിങ്ങളെന്ന് ഭരണപക്ഷക്കാരോട് യു.എ. ലത്തീഫ്. കിറ്റ് കൊടുത്താൽ വോട്ട് ചെയ്യുന്നവരായി ജനങ്ങളെ സബ്സ്റ്റാൻഡേർഡൈസ് ചെയ്യരുതെന്ന് കെ.ടി. ജലീൽ തിരിച്ചടിച്ചു. സർക്കാർ ചെയ്യുന്നതൊന്നും കാണാത്ത ചിലർക്ക് സർവ്വം രോഗാതുരമായി തോന്നുമെന്ന് മന്ത്രി വീണ ജോർജ് സമാധാനിച്ചു.

സാമ്പത്തികപ്രതിസന്ധി കാരണം സാമൂഹ്യക്ഷേമനടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നുവെന്ന് കാട്ടി മാത്യുകുഴൽനാടന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയമുണ്ടായി. ധനകാര്യമന്ത്രിയെന്ന കണക്കപ്പിള്ളയുടെ ഏറ്റവും വലിയ ഗുണമാകേണ്ട സത്യസന്ധത ഇവിടെ കാണാനില്ലെന്ന് മാത്യു വിലപിച്ചു. തങ്ങളുടെ അമ്മാവൻ കേന്ദ്രത്തിൽ നിന്നെല്ലാമയച്ചിട്ടുണ്ടെന്ന ഭാവത്തിലാണ് കുഴൽനാടന്റെ പറച്ചിലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് തോന്നി. പ്രളയം രണ്ട് നില കയറിയിട്ടും സ്വയം മാനേജ് ചെയ്തോളാമെന്ന് പറഞ്ഞ വീട്ടുകാർ മൂന്നാംനിലയിൽ വെള്ളം കയറിയപ്പോൾ നിലവിട്ട് തങ്ങളെ വിളിച്ചത് പോലെ കടക്കെണി മുറുകുമ്പോൾ ധനമന്ത്രി വിളിക്കരുതെന്നാണ് പ്രതിപക്ഷനേതാവിന്റെ അഭ്യർത്ഥന.

Advertisement
Advertisement