കുട്ടികൾക്കുനേരെ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

Friday 08 July 2022 3:09 AM IST

അറസ്റ്റ് പോക്സോ നിയമപ്രകാരം

തൃശൂർ: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ അഡിഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമം, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്താണ് തൃശൂർ വെസ്റ്റ് പൊലീസ് ഇന്നലെ രാവിലെ തൃശൂരിലെ വീട്ടിൽ നിന്ന് അറസ്റ്രു ചെയ്തത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇക്കഴിഞ്ഞ നാലിന് തൃശൂർ അയ്യന്തോൾ എസ്.എൻ പാർക്കിന് സമീപം നഗ്നതാ പ്രദർശനം നടത്തിയെന്ന 14, 9 വയസുള്ള പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വൈകിട്ട് സ്കൂൾ വിട്ടുവരികയായിരുന്ന തങ്ങൾക്കുനേരെ കറുത്ത കാറിലെത്തിയ ഒരാൾ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു പരാതി. അതിന് തൊട്ടുമുമ്പുള്ള ദിവസവും സമാന സംഭവം നടന്നിരുന്നു.

പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നഗ്നതാപ്രദർശനം നടത്തിയത് സിനിമാനടനാണെന്ന് കുട്ടികൾക്കോ വീട്ടുകാർക്കോ അറിയില്ലായിരുന്നു. ആ സമയത്തെ സി.സി ടിവി ദൃശ്യം പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടൻ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്.

കുട്ടികൾ സ്‌കൂൾ വിട്ടുവരുന്നതിന് മുമ്പേ എത്തി സമീപത്തെ ഫ്‌ളാറ്റിന്റെ കോമ്പൗണ്ടിൽ കടന്ന് തൂണിന്റെ പിറകിൽ നിന്നാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

2016ൽ സമാനമായ രീതിയിൽ ഒറ്റപ്പാലത്ത് വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ മാനസികരോഗമാണെന്ന് പറഞ്ഞ് അന്ന് പരാതിക്കാരുമായി ഒത്തുതീർപ്പിലെത്തി.


മാനസിക രോഗമെന്ന

വാദം തള്ളി റിമാൻഡ്

മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്ന താൻ ഇപ്പോൾ കഴിക്കാത്തതിനാലാണ് തെറ്റുപറ്റിപ്പോയതെന്ന് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാളുടെ അഭിഭാഷകൻ ഇതാവർത്തിച്ചു. ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നടത്തുന്നുണ്ടെന്നും വാദിച്ചു. എന്നാൽ, പ്രതിഭാഗം ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഇന്നത്തെ (വ്യാഴം) തീയതിയിലുള്ളതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പു വരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോൾ ജാമ്യം ലഭിക്കാനാണ് ഈ രേഖകൾ ഹാജരാക്കിയതെന്നും പറഞ്ഞു. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.

Advertisement
Advertisement