സ്വയം പര്യാപ്തത നേടാൻ കൈത്താങ്ങായി തേജോമയ

Sunday 10 July 2022 12:12 AM IST

കൊച്ചി: നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് കൈത്താങ്ങായി എടക്കാട്ടുവയലിലെ തേജോമയ ആഫ്‌ടർ കെയർ ഹോം. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 14 പേരാണ് തൊഴിൽപരിശീലനം നേടിയത്. കേക്ക് നിർമ്മാണം, തയ്യൽ പരിശീലനം , പൗൾട്രി എന്നിവയിലായിരുന്നു പരിശീലനം.

16 നു മുകളിൽ പ്രായമുള്ള അന്തേവാസികൾക്ക് വരുമാനദായകമായ തൊഴിൽ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ഒരു ഉദ്യാേഗാർത്ഥിയെ കെയർ ഹോമിലെ സ്ഥിരം കുക്കായി നിയമിച്ചു. ഇവർക്ക് 13,000 രൂപ പ്രതിമാസം ശമ്പളം നൽകും. തയ്യൽ പരിശീലനം കഴിഞ്ഞ രണ്ടു പേർക്ക് തിരുവനന്തപുരത്തെ വസ്ത്ര വ്യാപാരശാലയിൽ ഡിസൈനറായും മറ്റു രണ്ടു പേർക്ക് പ്രമുഖ കേക്ക് നിർമ്മാണശാലയിലും ജോലി ഉറപ്പാക്കി. തുടർപഠനത്തിന് താത്പര്യമുള്ള രണ്ടു പേർക്ക് അതിനും അവസരം ഒരുക്കി.

വത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികളായതിനാൽ ഓരോരുത്തരുടെയും അഭിരുചിയും മാനസികാരോഗ്യവും പരിഗണിച്ചാണ് പരിശീലനം നൽകുന്നത്. പരിശീലന കാലയളവിൽ തന്നെ ഉത്പന്ന വില്പനയിലൂടെ മികച്ച വരുമാനം നേടിയവരുണ്ടെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. സിനി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 2020 ലാണ് തേജോമയ ആഫ്ടർ കെയർ ഹോം ആരംഭിച്ചത്. പോക്‌സോ അതിജീവിതരായ കുട്ടികൾ താമസിക്കുന്ന ഓരോ ജില്ലകളിലെയും നിർഭയ ഹോമുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്.

Advertisement
Advertisement