ഇന്ത്യ നടന്നുകണ്ട അദ്ധ്യാപക ദമ്പതികൾക്ക് ശിഷ്യയുടെ ഗുരുദക്ഷിണയായി വിക്കി

Monday 11 July 2022 1:10 AM IST

കോട്ടയം: കാൽനടയായി ഭാരതപര്യടനം നടത്തിയ അദ്ധ്യാപക ദമ്പതികളായ പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നിക്കും (54), മോളിക്കും (45) മടക്കയാത്രക്കിടയിൽ കിട്ടിയ 'വിക്കി' മകനെപ്പോലെയാണ്. മക്കളില്ലാത്ത ദമ്പതികൾക്ക് ശിഷ്യയുടെ ഗുരുദക്ഷിണയാണ് ഈ ജർമ്മൻ ഷെപ്പേർഡ‌് നായക്കുട്ടി.

'വാക്കിംഗ് ഇന്ത്യൻ കപ്പിൾ' എന്ന പേരിൽ കന്യാകുമാരിയിൽ നിന്ന് കാശ്‌മീരിലേക്കും തിരിച്ചും 17 സംസ്ഥാനങ്ങളിലൂടെ 216 ദിവസം കൊണ്ട് ന‌ടത്തിയ യാത്രയിലാണ് വിക്കിയെ കിട്ടിയത്.

ആന്ധ്രയിലെ സ്വകാര്യ സ്‌കൂളുകളിൽ ഇരുപത്തഞ്ച് കൊല്ലം അദ്ധ്യാപകരായിരുന്ന ബെന്നിയും മോളിയും കൊവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. പേരിൽ മാത്രം കൊട്ടാരമുള്ള ചെറുകൂരയിൽ നിറയെ ബാദ്ധ്യതകൾ.

യാത്ര ഹരമായ ബെന്നി ഒരു ദിവസം സൈക്കിൾ മിനുക്കിയപ്പോൾ അടുത്ത ട്രിപ്പിനുള്ള ഒരുക്കമാണെന്ന് മോളിക്ക് മനസിലായി. ഞാനും വരുന്നു എന്നായി മോളി. ഭാര്യയെ പിന്തിരിപ്പിക്കാൻ കളവു പറഞ്ഞു. നടന്ന് കാശ്‌മീരിന് പോവുകയാണെന്ന്. ഞാനും നടക്കാം. മോളി ശഠിച്ചു. പിന്നെ രക്ഷയില്ല. കാൽനടയാത്ര പ്ലാൻ ചെയ്‌തു. കന്യാകുമാരിയിലെ പടിഞ്ഞാറൻ തീരത്തു നിന്ന് തുടങ്ങാം. കാശ്‌മീരിലെത്തി,​ കിഴക്കൻ തീരം വഴി തിരികെ കന്യാകുമാരിയിലെത്തണം. കടം വാങ്ങിയും മറ്റും പണം കണ്ടെത്തി. കഴി‌ഞ്ഞ ഡിസംബറിൽ യാത്ര തുടങ്ങി. ഒാരോ ദിവസവും 35 കിലോമീറ്റർ വരെ നടന്നു. പെട്രോൾ പമ്പുകളിലും കടുകു പാടങ്ങളിലും ശ്‌മശാനങ്ങളിലും വരെ അന്തിയുറങ്ങി. കാട്ടാനയും കള്ളന്മാരും കള്ളു കുടിയൻമാരുമൊക്കെ ഭയപ്പെടുത്തിയ രാത്രികൾ. യാത്ര ഉപേക്ഷിക്കാൻ പോലും തോന്നി. എങ്കിലും, ആപത്തില്ലാതെ ഈ മാസം ആദ്യം തിരിച്ചെത്തി.

 വിക്കിയെ വിട്ടു,​ പുതിയ വിക്കി വന്നു

ഗുജറാത്തിലെത്തിയപ്പോൾ, ഓടയിൽ നിന്നൊരു നായയെ കിട്ടി. 'വാക്കിംഗ് ഇന്ത്യൻ കപ്പിൾ' എന്നതിന്റെ ചുരുക്കെഴുത്തായി വിക്കിയെന്ന് പേരിട്ടു. വിക്കിയുമായുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് മനസിലായതോടെ ഒരാൾക്ക് സമ്മാനിച്ചു. മടക്കയാത്രയ്ക്കിടെയാണ് ശിഷ്യയും ചെന്നൈയിൽ വെറ്ററിനറി ഡോക്ടറുമായ നർമ്മദയുടെ വിളി. ഒരു മാസം പ്രായമുള്ള തന്റെ കറുമ്പൻ 'വിക്കി'യെ സമ്മാനിക്കാനുള്ള ആഗ്രഹം അറിയിച്ചു. പേരും നിറവും അമ്പരപ്പിച്ചു. ഗുജറാത്തിൽ കൈവിട്ട വിക്കിയെ തമിഴ്നാട്ടിൽ കിട്ടിയതിന്റെ സന്തോഷമായി.

'' ഞങ്ങൾക്ക് വിക്കിയാണിപ്പോൾ എല്ലാം. പുതിയൊരു ജോലി കണ്ടുപിടിക്കണം. കടങ്ങൾ വീട്ടണം. യാത്രകൊണ്ട് ഒരുപാട് സൗഹൃദങ്ങളുണ്ടായി''

- ബെന്നി - മോളി ദമ്പതികൾ

Advertisement
Advertisement