പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും: വിദേശകാര്യമന്ത്രി എസ്. ജയശങ്ക‌ർ

Monday 11 July 2022 12:09 AM IST

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്ക‌ർ പറഞ്ഞു.കവടിയാർ ടെന്നീസ് ക്ളബിൽ സംഘടിപ്പിച്ച യുവ വോട്ടർമാരുടെ സംവാദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് പഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണെന്നും രാജ്യത്തുതന്നെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൂടെയെന്നും വിദ്യാർത്ഥികൾ ചോദിച്ചപ്പോഴാണ് പുതിയ വിദ്യാഭ്യാസ നയത്തെപ്പറ്റി മന്ത്രി പറഞ്ഞത്. വിഷയം കേന്ദ്ര സർക്കാർ ഗൗരവമായി കാണുന്നുണ്ട്. വിദേശ രാജ്യങ്ങളെക്കൂടി സംയോജിപ്പിച്ച് ഇന്ത്യയിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും.അതോടെ, വിദേശപഠനം ഒഴിവാക്കി രാജ്യത്ത് തന്നെ പഠിക്കുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും ഡോ.എസ്.ജയശങ്കർ പറഞ്ഞു. സംവാദത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചോദിച്ച ചോദ്യവും ഇതുമായി ബന്ധപ്പെട്ടായിരുന്നു. ജാതി സംവരണം മാറ്റി യോഗ്യതയ്ക്കനുസരിച്ച് സംവരണം നടപ്പാക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് അത് നടപ്പാക്കാൻ വിശാലമായ ചർച്ചകളും ആലോചനകളും ആവശ്യമാണെന്ന് അദ്ദേഹം പറ‌ഞ്ഞു.

അഗ്നിപഥ് പോലുള്ള പദ്ധതി തൊഴിലില്ലായ്മക്ക് ഒരു പരിഹാരമാണ്.വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്.വിദേശ പഠനത്തിന് മെച്ചപ്പെട്ട സംവിധാനത്തോടൊപ്പം സ്വന്തം രാജ്യത്ത് മെച്ചപ്പെട്ട തൊഴിൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കനുള്ള ശ്രമവും സർക്കാർ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി തന്റെ ആദ്യ വിദേശയാത്രയെ കുറിച്ചും രാജ്യം എങ്ങനെ വികസിക്കുന്നുവെന്നതിനെ പറ്റിയും സംവദിച്ചു. 150 പേർ സംവാദത്തിൽ പങ്കെടുത്തു. അവരുമൊത്ത് ചിത്രവും എടുത്താണ് മന്ത്രി മടങ്ങിയത്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,​സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ,​ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കൃഷ്ണകുമാർ,​കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.

Advertisement
Advertisement