പ്ളസ് വൺ പ്രവേശനം : 56,935 സീറ്റ് വർദ്ധിപ്പിച്ചു

Monday 11 July 2022 12:22 AM IST

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ഇന്നാരംഭിക്കാനിരിക്കെ സീറ്റ് വർദ്ധന അനുവദിച്ചുള്ള ഉത്തരവിറങ്ങി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവുമാണ് സീറ്റ് വർദ്ധിപ്പിച്ചത്. എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വർദ്ധിപ്പിക്കും.

ഇതിന് പുറമേ, കഴിഞ്ഞ വർഷം താത്കാലികമായി അനുവദിച്ച 79 എണ്ണം ഉൾപ്പെടെ 81 ബാച്ചുകൾ ഈ വർഷവും തുടരാനും അനുമതിയായി. ഇതോടെ സംസ്ഥാനത്തെ അൺ എയ്ഡഡ് ഉൾപ്പെടെയുള്ള സ്കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിനുള്ള സീറ്റുകളുടെ എണ്ണം 3,61,307ൽ നിന്ന് 4,18,242 ആയി വർദ്ധിച്ചു. 56,935 സീറ്റുകൾ അധികം. വർദ്ധിച്ച സീറ്റുകൾ പ്ളസ് വൺ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് മുതൽ ലഭ്യമാകും. വർദ്ധന വഴി സർക്കാർ സീറ്റുകൾ 1,74,110 ഉം, എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയരും.

ആകെ സീറ്റുകൾ

. മെരിറ്റ് - 2,87,133

. എയ്ഡഡ് മാനേജ്‌മെന്റ് ക്വാട്ട- 37,918

. കമ്മ്യൂണിറ്റി ക്വാട്ട -31,244

. അൺഎയ്ഡഡ് - 54,542

. സ്‌പോർട്സ് ക്വാട്ട 7,405

കഴിഞ്ഞ വർഷം അനുവദിച്ച 18 സയൻസ്, 49 ഹ്യുമാനിറ്റീസ്, എട്ട് കൊമേഴ്സ്. ഇതിന് പുറമെ രണ്ട് സയൻസ് ബാച്ചുകളും ഒന്ന് വീതം ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ ഷിഫ്റ്റ് ചെയ്തതും തുടരും

 താത്കാലികം

. കണ്ണൂർ കെ.എൻ.എം പരിയാരം സ്മാരക സ്‌കൂളിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ

മലപ്പുറത്ത്

ഇനിയും കുറവ്

. ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലപ്പുറത്ത് സീറ്റ് വർദ്ധനയും താത്കാലിക ബാച്ചുകളും വഴി പ്ളസ് വൺ സീറ്റുകളുടെ എണ്ണം 53,225ൽ നിന്ന് 63,875 ആയി ഉയർത്തിയിട്ടും 13,816 സീറ്റിന്റെ കുറവുണ്ട്. ഇതിൽ 11,275 എണ്ണം അൺ എയ്ഡഡ് മേഖലയിലാണ്. 77,691 പേരാണ് പത്താം ക്ളാസ് വിജയിച്ചത്

 ജില്ലകളിലെ സീറ്റുകൾ

(ആകെ, മെരിറ്റ് , എസ്.എസ്.എൽ.സി വിജയിച്ചവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം -37665, 26074, 34039
കൊല്ലം - 31182, 22074, 30534
പത്തനംതിട്ട- 14781, 9815, 10437
ആലപ്പുഴ -22639, 15695, 21879
കോട്ടയം -22208, 13955, 19393
ഇടുക്കി -11867, 7925, 11294
എറണാകുളം -37889, 24354, 31780
തൃശൂർ -38126, 25884, 35671
പാലക്കാട് -34387, 25698, 38972
മലപ്പുറം- 63875, 43930, 77691
കോഴിക്കോട്- 40962, 29206, 43496
വയനാട്- 10796, 8654, 11946
കണ്ണൂർ -34292, 27279, 35167
കാസർകോട്- 17573, 13995, 19658

Advertisement
Advertisement