80ലും യുവാവ്, എം.ജെ. ജേക്കബ് ഇന്ത്യയുടെ മെഡൽ വേട്ടക്കാരൻ

Monday 11 July 2022 12:42 AM IST

തിരുവനന്തപുരം: എൺപതാം വയസിലും പ്രായം ഒരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് പിറവത്തെ മുൻ എം.എൽ.എ എം.ജെ ജേക്കബ്. ഫിൻലാൻഡിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കു വേണ്ടി ഹർഡിൽസിൽ രണ്ട് വെങ്കലമാണ് ഈ വെറ്ററൻ കായിക താരം നേടിയത് - 800 മീറ്ററിലും 200 മീറ്ററിലും.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എം.ജെ ജേക്കബിനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പേജിൽ കുറിച്ചു - 'സ.എം.ജെ നമ്മുടെ അഭിമാനം'.

ചൈനയിലും ജപ്പാനിലും നടന്ന മാസ്റ്റേഴ്സ് ഏഷ്യൻ മീറ്റുകളിൽ സ്വർണം നേടിയ എം.ജെ. ജേക്കബ് ഓസ്ട്രേലിയ, ഫ്രാൻസ്, സ്‌പെ‌യിൻ ലോക ചാമ്പ്യൻഷിപ്പുകളിലും മെഡലുകൾ വാരിക്കൂട്ടി.

എം.എ, എൽ.എൽ.ബി ബിരുദധാരിയായ എം.ജെ.ജേക്കബ് 2006 ലാണ് പിറവം എം.എൽ.എയാകുന്നത്. സ്‌കൂൾ കാലം മുതൽ കായിക താരമായിരുന്നു. 1962 മുതൽ 1965 വരെ തുടർച്ചയായി ആലുവ യു.സി. കോളേജിലെ ചാമ്പ്യനായിരുന്നു. 1500 മീറ്റർ, 5000 മീറ്റർ ഓട്ടത്തിൽ യൂണിവേഴ്‌സിറ്റി റെക്കാഡിട്ടു. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 80 മീറ്റർ ഓട്ടത്തിലും, 200 മീറ്റർ ഹർഡിൽസിലും ഒന്നാമനായിരുന്നു.

പിറവം മണ്ഡലത്തിലെ കായികരംഗം മികവുറ്റതാക്കാൻ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പല പ്രവ‌ർത്തനങ്ങളും നടത്തി. കൃത്യമായ ഭക്ഷണക്രമവും പരിശീലനവുമാണ് തന്റെ കരുത്തെന്ന് പറയുന്ന എം.ജെ ജേക്കബ് ഈ പ്രായത്തിലും രാജ്യത്തിനായി മെഡലുകൾ നേടി മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ്.