ആശ്രമം കത്തിക്കൽ: അന്വേഷണം മതിയാക്കുന്നു ദു:ഖമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

Monday 11 July 2022 12:46 AM IST

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച്. മൂന്നര വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. പെട്രോളൊഴിച്ച് കത്തിച്ചു എന്നതിനപ്പുറം തെളിവുകളൊന്നും കിട്ടിയതുമില്ല.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങളും കത്തി. തീയിട്ടവർ ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. മുഖ്യമന്ത്രി ആശ്രമത്തിലെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആറു മാസത്തോളം കമ്മിഷണറുടെ സംഘവും അന്വേഷിച്ചു. തുമ്പില്ലാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്നത്തെ ക്രൈംബ്രാ​ഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരിട്ടെത്തി അന്വേഷിച്ചിരുന്നു. പിന്നീട് എസ്. ശ്രീജിത്ത് മേധാവി ആയപ്പോഴും അന്വേഷണ പുരോഗതി വിലയിരുത്തി നി‌ർദേശങ്ങൾ നൽകിയിരുന്നു.

ഫോറൻസിക് തെളിവുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നല്ലാതെ എവിടെയാണ് തീ കത്തി തുടങ്ങിയതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായില്ല. ആശ്രമത്തിലെ സിസി ടിവി കാമറകൾ തകരാറിലായതും തെളിവുകൾ കിട്ടാൻ തടസമായി. സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടത്തിയവരെ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ മറ്റ് സിസി ടിവി കാമറകളിൽ നിന്നോ ഫോൺ കോളുകളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചില്ല.

അന്വേഷണം അവസാനിപ്പിക്കുന്നത് ദു:ഖകരം

അന്വേഷണം അവസാനിപ്പിക്കുന്നത് ദുഖകരമാണെന്ന് സന്ദീപാനന്ദഗിരി കേരള കൗമുദിയോട് പറഞ്ഞു. ഇക്കാര്യം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ നിയമ നടപടി കൈക്കൊളളും. ക്രൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥർ മാറുന്നത് അന്വേഷണത്തിന് തടസമായി. താൻ ആശ്രമത്തിന് തീവച്ചെന്ന് വരുത്താനാണ് ഉദ്യോഗസ്ഥരിൽ ചില‌ർ ശ്രമിച്ചത്. തനിക്ക് ഇപ്പോഴും ഭീഷണികൾ ഉണ്ട്. തന്നെ ക്ഷണിക്കുന്നവരെ ഇത്തരക്കാർ വിരട്ടുകയും പരിപാടികളിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായും സ്വാമി പറഞ്ഞു.

Advertisement
Advertisement