 ഗ്രാമസഭ ചേർന്നതിൽ വീഴ്ച മുൻ പഞ്ചാ. പ്രസിഡന്റിനെ അയോഗ്യനാക്കാൻ നിർദ്ദേശം  അംഗങ്ങൾക്ക് നിർബന്ധിത പരിശീലനം, ഉത്തരവ് ഓംബുഡ്സ്മാന്റേത്

Monday 11 July 2022 12:47 AM IST

 നടപടി വെള്ളനാട് ശശിക്കെതിരെ

തിരുവനന്തപുരം: ചട്ട വിരുദ്ധമായി 2018-19 കാലയളവിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുചേർത്ത അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യനാക്കുന്നതുൾപ്പെടെ വീഴ്ച വരുത്തിയവർ അധികാരത്തിലുണ്ടെങ്കിൽ ശക്തമായ നടപടിക്ക് തദ്ദേശവകുപ്പ് ഓംബുഡ്സ്മാന്റെ നിർദ്ദേശം. അംഗങ്ങളെയും പഞ്ചായത്ത് സെക്രട്ടറിയെയും രണ്ടാഴ്ച നിർബന്ധിത പരിശീലനത്തിന് അയയ്ക്കണമെന്നും ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവിട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കടുത്ത നടപടി.

പ്രദേശവാസിയായ ഭാഗ്യരാജിന്റെ പരാതിയിൽ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിയെ അയോഗ്യനാക്കുന്നതിനാണ് ഓംബുഡ്സ്മാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയത്. എത്രകാലത്തേക്ക് എന്നത് കമ്മിഷന് തീരുമാനമെടുക്കാം.

അന്നത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഇപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠൻ, അന്നത്തെ അംഗവും നിലവിൽ പ്രസിഡന്റുമായ രാജലക്ഷ്മി, മറ്റൊരംഗവും നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിന്ദു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിർബന്ധിത പരിശീലനം.

കണ്ടെത്തിയ വീഴ്ച

ഗ്രാമസഭ ചേരുമ്പോൾ പഞ്ചായത്ത് പ്രസിഡന്റാണ് അദ്ധ്യക്ഷത വഹിക്കേണ്ടത്. പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റും, ഇരുവരുടേയും അസാന്നിദ്ധ്യത്തിൽ കൺവീനറായ വാർഡ് അംഗവുമാണ് അദ്ധ്യക്ഷനാവേണ്ടത്. എന്നാൽ വെള്ളനാട്ട് പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ശ്രീകണ്ഠൻ ചട്ടവിരുദ്ധമായി അദ്ധ്യക്ഷത വഹിച്ചു എന്നാണ് കണ്ടെത്തിയത്. പ്രസിഡന്റായിരുന്ന വെള്ളനാട് ശശി ഒരു ഗ്രാമസഭയിലും അദ്ധ്യക്ഷത വഹിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിക്ക് നിർദ്ദേശം. ഈ തെറ്റ് ചൂണ്ടിക്കാട്ടാത്തിനാലാണ് അന്നുണ്ടായിരുന്നതും നിലവിലുള്ളതുമായ അംഗങ്ങളെ പരിശീലനത്തിന് അയയ്ക്കുന്നത്.

Advertisement
Advertisement