രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിൽ

Tuesday 12 July 2022 3:19 AM IST

 ഡോളറൊന്നിന് 79.48 രൂപ

കൊച്ചി: ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്ചയിലെത്തി. ഒരു ഡോളർ കിട്ടാൻ ഇപ്പോൾ 79.48 രൂപ കൊടുക്കണം. ഇന്നലെ 79.30ൽ വ്യാപാരം തുടങ്ങിയ രൂപ ഒരുവേള 79.24ലേക്ക് മെച്ചപ്പെട്ടെങ്കിലും പിന്നീട് തകരുകയായിരുന്നു. 79.49 വരെ ഇടിഞ്ഞശേഷമാണ് വൈകിട്ട് 79.48ൽ വ്യാപാരം അവസാനിപ്പിച്ചത്.

ഡോളറിന് കിട്ടുന്ന വൻ സ്വീകാര്യതയും ഓഹരിവിപണികളുടെ തളർച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ക്രൂഡോയിൽ വില ഇടിവിന്റെ ട്രാക്കിലായത് രൂപയുടെ തകർച്ചയുടെ ആക്കംകുറയ്ക്കാൻ സഹായിച്ചു. ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപക്കൊഴിച്ചിലും രൂപയ്ക്ക് പ്രതിസന്ധിയാണ്.

ഈമാസം ഇതുവരെ 4,000 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിക്കപ്പെട്ട വിദേശനിക്ഷേപം. ബ്രെന്റ് ക്രൂഡ് വില ഇന്നലെ 2.55 ഡോളർ ഇടിഞ്ഞ് ബാരലിന് 104.5 ഡോളറായി. 6 സുപ്രധാന കറൻസികൾക്കെതിരെ ഡോളർ ഇൻഡക്‌സ് 0.56 ശതമാനം ഉയർന്ന് 107.60ലെത്തി. യൂറോ, ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നിവയാണ് ഡോളർ ഇൻഡക്‌സിലുള്ളത്.

Advertisement
Advertisement