പിഴ അടച്ചിട്ടും സിഗ്നൽ തെളിഞ്ഞില്ല

Tuesday 12 July 2022 12:29 AM IST

പത്തനംതിട്ട : പിഴ അടച്ചിട്ടും സിഗ്നൽ തെളിയാതെ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ. സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനാണ്. എന്നാൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കലുങ്ക് പണി നടക്കുമ്പോൾ കെൽട്രോണിനെ അറിയിക്കാതെയാണ് സിഗ്നൽ ലൈറ്റ് എടുത്തുമാറ്റിയത്. ഇക്കാരണത്താൽ കെൽട്രോൺ പിഴ അടയ്ക്കണമെന്ന് പി.ഡബ്യൂ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിഴ അടച്ചിട്ട് ഒരു മാസമായിട്ടും സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിക്കാൻ കെൽട്രോണിന് കഴിഞ്ഞില്ല. ഉടൻ സിഗ്നൽ ലൈറ്റിനുള്ള പണി ആരംഭിക്കുമെന്ന് പി.ഡബ്യൂ.ഡിക്ക് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

സിഗ്‌നൽ നിറുത്തിയിട്ട് മാസങ്ങളായി. ഫെബ്രുവരിയിൽ സിഗ്‌നലിനടുത്തുള്ള കലുങ്ക് പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിറുത്തിയത്. കലുങ്ക് പണിയുന്നതിനടുത്തുള്ള സിഗ്‌നൽ ലൈറ്റ് എടുത്തുമാറ്റുകയും ചെയ്തു. ഈ സിഗ്‌നൽ ലൈറ്റ് പുനഃസ്ഥാപിച്ചാൽ മാത്രമേ ഇവിടെയുള്ള ബാക്കി സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിക്കു. നാലും ഒരു പോലെ പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്. നിരവധി അപകടങ്ങൾ നടക്കുന്ന സ്ഥലം കൂടിയാണിത്.

നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും സിഗ്‌നൽ ഇല്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപോലെപോവുകയാണ്.

Advertisement
Advertisement