സജി ചെറിയാന്റെ പ്രസംഗം: വിവാദ ഭാഗം ചോർത്തൽ സി.പി.എം പരിശോധിക്കും

Tuesday 12 July 2022 12:27 AM IST

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്നുള്ള സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച മല്ലപ്പള്ളി പ്രസംഗത്തിലെ, ഭരണഘടനയെ അധിക്ഷേപിക്കുന്ന വിവാദഭാഗം ചോർത്തി നൽകിയതാരെന്ന് പരിശോധിക്കാൻ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോട് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചതായി സൂചന.

രാജ്യത്തെ തൊഴിലാളി ചൂഷണത്തെക്കുറിച്ച് വിശദീകരിച്ചാണ് സജി ചെറിയാൻ ഭരണഘടനാ വിമർശനത്തിലേക്ക് കടന്നത്. ഇതിന് തടയിടുന്നതിൽ സി.പി.എം പോലും കാര്യമായി ഇടപെടുന്നില്ലെന്ന സ്വയം വിമർശനപരമായ വിലയിരുത്തലുമുണ്ട്. പാർട്ടിയെ വിമർശിച്ച ഭാഗം പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാൻ പാർട്ടിക്കകത്തെ തല്പരകക്ഷികൾ ശ്രമിച്ചെന്ന വാദമാണ് സി.പി.എമ്മിൽ ഉയരുന്നത്. ആദ്യം ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ സി.പി.എമ്മിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ എന്ന തലക്കെട്ടോടെ വാർത്ത വന്നിരുന്നു. എന്നാൽ മറ്റൊരു ദൃശ്യമാദ്ധ്യമം പിന്നീട് ഇതേ ഭാഗം വാർത്തയാക്കിയപ്പോഴാണ് ഭരണഘടനയ്ക്കെതിരായ അധിക്ഷേ പരാമർശങ്ങൾ എടുത്തുകാട്ടിയത്.

തൊഴിലാളി ചൂഷണത്തിന് ആക്കം കൂട്ടുന്ന മോദി സർക്കാരിന്റെ നിയമങ്ങളെക്കുറിച്ചുള്ള വിമർശനമാണ് ഉദ്ദേശിച്ചതെങ്കിലും, അതിലെ പ്രയോഗങ്ങൾ അധിക്ഷേപ സ്വരമായെന്ന് സി.പി.എമ്മും കാണുന്നു. ജനങ്ങളെ കൊള്ളയടിക്കാൻ ഉണ്ടാക്കിവച്ച സാധനം, കുന്തം-കൊടച്ചക്രം, ബ്രിട്ടീഷുകാരൻ ഉണ്ടാക്കിവച്ചത് ഇന്ത്യാക്കാരൻ എഴുതിപ്പിടിപ്പിച്ചു എന്നീ പ്രയോഗങ്ങളാണ് ഇതിൽ ഏറ്റവും വിവാദമായത്. ഇത് ഒരു തരത്തിലും ന്യായീകരിച്ച് പിടിച്ചു നിൽക്കാനാവില്ലെന്ന് വിലയിരുത്തിയാണ് സി.പി.എം പെട്ടെന്ന് നടപടിയിലേക്ക് തുനിഞ്ഞതും.

ചെങ്ങന്നൂർ സ്വദേശിയും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമൊക്കെയായിരുന്നിട്ടുള്ള സജി ചെറിയാന്റെ സ്വാധീന മേഖലകളിൽപ്പെടുന്നതാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി. വി.എസ്- പിണറായി ചേരിപ്പോര് കത്തിനിന്ന കാലത്ത് ഔദ്യോഗിക പക്ഷത്തിനായി ഇവിടെ ചരടുവലി നടത്തിയവരിൽ പ്രധാനിയായിരുന്നു അന്ന് സജി ചെറിയാൻ. പഴയ വി.എസ് പക്ഷത്തിന് ഇപ്പോഴും സ്വാധീനമുള്ള മേഖലയാണ് മല്ലപ്പള്ളി. അതിന്റെ അനുരണനവും, സജി ചെറിയാന്റെ ഉയർച്ചയിൽ സി.പി.എമ്മിനകത്തുണ്ടായ ചില സ്വരച്ചേർച്ചകളും പ്രസംഗഭാഗം ചോർത്തി നൽകിയതിന് പിന്നിലുണ്ടോയെന്ന ചോദ്യമാണുയരുന്നത്.

Advertisement
Advertisement