ഇന്നിംഗ്സ് വിജയം കൊണ്ട് സങ്കടം മറന്ന് ലങ്ക

Tuesday 12 July 2022 12:27 AM IST

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 39 റൺസിനും തോൽപ്പിച്ച് ലങ്ക

ദിനേഷ് ചാന്ദിമലിന് ഇരട്ട സെഞ്ച്വറി(206), പ്രഭാത് ജയൂര്യയ്ക്ക് 12 വിക്കറ്റ് (6/118,6/59)

ഗോൾ : രാജ്യം സംഘർഷത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ കളിക്കളത്തിലെ വിജയം കൊണ്ട് സങ്കടം മറന്ന് ലങ്ക. ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരിന്നിംഗ്സിനും 39 റൺസിനുമാണ് ആതിഥേയരായ ശ്രീലങ്ക കീഴടക്കിയത്. ഇരട്ടസെഞ്ച്വറി നേടിയ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് ചാന്ദിമലും(206) ഇരു ഇന്നിംഗ്സുകളിലും ആറ് വിക്കറ്റ് വീതം വീഴ്ത്തി അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഒരു ഡസൻ വിക്കറ്റുകൾ സ്വന്തം പേരിലാക്കിയ ഇടംകയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യയും ചേർന്നാണ് ലങ്കയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഇതോടെ രണ്ട് മത്സര പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു.

പ്രഭാത് ജയസൂര്യ പ്ളെയർ ഒഫ് ദ മാച്ചായപ്പോൾ ദിനേഷ് ചാന്ദിമൽ പ്ളെയർ ഒഫ് ദ സിരീസായി.

കളി ഇങ്ങനെ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ നേടിയത് 364 റൺസ്.

മറുപടിക്കിറങ്ങിയ ശ്രീലങ്ക നാലാം ദിവസം 554 റൺസടിച്ച് ആൾഒൗട്ടായി.

ആദ്യ ഇന്നിംഗ്സിൽ 190 റൺസ് ലീഡ് വഴങ്ങി ഇറങ്ങിയ ഓസീസ് ഇന്നിംഗ്സിൽ 151 ൽ ആൾഒൗട്ടായതോടെയാണ് ശ്രീലങ്ക വമ്പൻ ജയം സ്വന്തമാക്കിയത്.

326 പന്തിൽ 206 റൺസെടുത്ത് പുറത്താകാതെ നിന്ന ദിനേഷ് ചാന്ദിമലാണ് ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 316 പന്തുകളിൽനിന്നു താരം ഇരട്ട സെഞ്ചറി തികച്ചു. 16 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു ചാന്ദിമലിന്റെ ഇന്നിംഗ്സ്. ഓസ്‌ട്രേലിയയ്ക്കെതിരെ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ശ്രീലങ്കൻ താരമെന്ന റെക്കാഡും ചാന്ദിമൽ സ്വന്തമാക്കി.

മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 175–ാം ഓവറിൽ ശ്രീലങ്കയുടെ ഒൻപതാം വിക്കറ്റ് നഷ്ടമാകുമ്പോൾ ചാന്ദിമൽ 159 ലെത്തിയിരുന്നു. ട്വന്റി-20 മാതൃകയിൽ പിന്നീടു ബാറ്റു വീശിയ ചാന്ദിമൽ 18 പന്തിൽ 42 റൺസെടുത്തു. വിക്കറ്റു വീഴാൻ സാധ്യതയുള്ളതിനാൽ പത്താമനായി ഇറങ്ങിയ കസുൻ രജിതയെ കാഴ്ചക്കാരനായി നിർത്തിയായിരുന്നു ചാന്ദിമലിന്റെ വെടിക്കെട്ട്.

ചണ്ഡിമലിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക നേടിയത് 554 റൺസ്. ക്യാപ്റ്റൻ ദിമുത് കരുണരത്നെ (86), കുശാൽ മെൻഡിസ് (85), എയ്ഞ്ചലോ മാത്യുസ് (52), കമിന്ദു മെൻഡിസ് (61) എന്നിവർ ലങ്കയ്ക്കായി അർധസെഞ്ച്വറി തികച്ചു. ആദ്യ ഇന്നിംഗ്സിൽ ഓസീസ് 364 റൺസിനു പുറത്തായിരുന്നു. മാർനസ് ലബുഷെയ്ൻ (156 പന്തിൽ 104), സ്റ്റീവ് സ്മിത്ത് (272 പന്തിൽ 145) എന്നിവർ ഓസ്ട്രേലിയയ്ക്കായി സെഞ്ച്വറി നേടി. എന്നാൽ 59 പന്തിൽ 32 റൺസെടുത്ത ലബുഷെയ്ൻ ഒഴികെയുള്ളവർക്ക് രണ്ടാം ഇന്നിംഗ്സിൽ തിളങ്ങാനായില്ല.ആദ്യ ഇന്നിംഗ്സിൽ 118 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യ രണ്ടാം ഇന്നിംഗ്സിൽ 59 റൺസ് മാത്രം വഴങ്ങിയാണ് ആറുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.

Advertisement
Advertisement