പരിശീലനത്തിനിടെ വനിതാ കായിക താരത്തെ കൈയേറ്റം ചെയ്യാൻ ശ്രമം

Tuesday 12 July 2022 12:37 AM IST

പാലാ : അന്തർദ്ദേശീയ വനിതാ കായികതാരത്തെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ കൈയേറ്റം ചെയ്തു. ഏഷ്യൻ ഗെയിംസ് ലോംഗ്ജമ്പിൽ വെള്ളി മെഡൽ ജേതാവായ നീന പിന്റോയെയാണ് ഇന്നലെ രാത്രി ഏഴരയോടെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കാനെത്തിയ യുവാവ് അപമാനിച്ചത്. സംഭവത്തെ തുടർന്ന് നീനയും ഭർത്താവും പരിശീലകനുമായ പിന്റോയും സ്റ്റേഡിയത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.

നീന പരിശീലനം നടത്തുന്നതിനിടയിൽ യുവാവ് ട്രാക്കിലൂടെ പലതവണ തടസം സൃഷ്ടിച്ച് നടന്നു. ഇത് കണ്ട നീന അടുത്ത ട്രാക്കിലേക്ക് ഒന്ന് മാറി നടക്കാമോ എന്ന് യുവാവിനോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ നീനയേയും ഭർത്താവ് പിന്റോയെയും അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. വിവരമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തിയെങ്കിലും തങ്ങളോട് രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകാൻ പറഞ്ഞ് സ്ഥലം വിട്ടതായി നീന പറയുന്നു. താരം പ്രതിഷേധിച്ചതോടെ പാലാ സി.ഐ കെ.പി. ടോംസൺ രാത്രി സ്ഥലത്തെത്തി കായികതാരവുമായി സംസാരിച്ചു. കുറ്റവാളിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതായി നീന പറഞ്ഞു.

Advertisement
Advertisement