സ്വർണക്കടത്ത്: വെളിപ്പെടുത്തൽ അന്വേഷിക്കേണ്ടത് ഇ.ഡിയെന്ന് സ്വപ്ന

Tuesday 12 July 2022 12:41 AM IST

 ഗൂഢാലോചനയുണ്ടെന്ന് സർക്കാർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന തന്റെ വെളിപ്പെടുത്തൽ വ്യാജമാണോയെന്ന് അന്വേഷിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണെന്ന് സ്വപ്‌ന സുരേഷ്. വ്യാജ ആരോപണങ്ങൾ സ്വപ്ന ഉന്നയിക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാരും. തനിക്കെതിരെ പാലക്കാട്ടും തിരുവനന്തപുരത്തും രജിസ്റ്റർചെയ്ത കേസുകൾ റദ്ദാക്കാൻ സ്വപ്‌ന നൽകിയ ഹർജികളിൽ ഹൈക്കോടതിയിലാണ് ഈ വാദങ്ങൾ ഉയർന്നത്.

സ്വപ്‌നയ്ക്കെതിരെ രജിസ്റ്റർചെയ്ത രണ്ടുകേസുകളുടെയും വിവരങ്ങൾ വ്യക്തമാക്കി നാലുദിവസത്തിനകം സ്റ്റേറ്റ്‌മെന്റ് നൽകാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.

തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലും പാലക്കാട് കസബ സ്റ്റേഷനിലുമാണ് സ്വപ്‌നയ്‌ക്കെതിരെ ഗൂഢാലോചനക്കേസുകൾ രജിസ്റ്റർചെയ്തത്. ഈ കേസുകളിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച പൊലീസ് ഏറിയ സമയവും മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞിട്ടുള്ളത് എന്താണെന്ന് അറിയാതെ അത് വ്യാജമാണെന്ന് സർക്കാർ ആരോപിക്കുന്നത് എങ്ങനെയാണ്. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് സാക്ഷികൾക്കുള്ള സംരക്ഷണത്തിന് സ്വപ്‌നയ്ക്ക് അർഹതയുണ്ട്. കേസിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.

എന്നാൽ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്‌ന എങ്ങനെയാണ് സാക്ഷിയായി രഹസ്യമൊഴി നൽകുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആരാഞ്ഞു. ഏതുനിയമപ്രകാരമാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്നും വ്യക്തമല്ല. സ്വപ്‌ന ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് കേന്ദ്രഏജൻസികൾ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിനുള്ള മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പറഞ്ഞു.

Advertisement
Advertisement