കടലെടുത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

Tuesday 12 July 2022 1:05 AM IST

ചവറ: കടലിൽ ഫൈബർ വള്ളം മറിഞ്ഞ് മരിച്ച ഇസ്തേവ് പ്രത്താസിന്റെ (ബ്രിട്ടാസ്) വീട്ടിലെത്തിയ നാട്ടുകാർ കണ്ടത് ആരെയും കരളലിയിക്കുന്ന കാഴ്ച. ഇസ്തേവ് പ്രത്താസിന് മൂന്ന് മക്കളാണ്. അതിൽ ഇളയ രണ്ടുപേർ മാനസികമായി വെല്ലുവിളി നേരിടുന്നവരാണ്. എഡ്വിൻ മോറിസും (26) ജോൺ ബ്രിട്ടോയും (22).

ഇവരെ നെഞ്ചോടുചേർത്തുകിടത്തിയാണ് അദ്ദേഹം എന്നും ഉറങ്ങാറ്. ഒരു പ്രയാസവും അറിയാതെയാണ് ഇരുവരെയും പരിപാലിച്ചുപോന്നിരുന്നത്. ബന്ധുക്കളും നാട്ടുകാരും എത്തുമ്പോൾ അവർ ഇരുവരും കാര്യമറിയാതെ നോക്കിനിൽക്കുകയായിരുന്നു. എങ്കിലും അവരുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു,​ കടലിൽ പോയ പിതാവ് കൈനിറയെ പലഹാരവുമായി തിരികയെത്തുമെന്ന പ്രതീക്ഷ.

ആ കരുതലും സ്നേഹവുമാണല്ലോ നഷ്ടപ്പെട്ടത് എന്നോർത്തപ്പോൾ ചുറ്റിലും കൂടിയവരുടെ കണ്ണ് നനഞ്ഞു. ആന്റോഎബ്രഹാമും ഇസ്തേവ് പ്രത്താസും അടുത്ത സുഹൃത്തുക്കളായിരുന്നു. ട്രോളിംഗ് നിരോധനകാലത്തെ പട്ടിണി മാറ്റാനാണ് കാറ്റും മഴയും അവഗണിച്ച് അവർ സുഹൃത്തായ വിനോദ് പീറ്ററിന്റെ ഫൈബർവള്ളത്തിൽ കടലിലേയ്ക്ക് പോയത്. എന്നാൽ,​ അത് ഇങ്ങനെയാകുമെന്ന് ആരും കരുതിയില്ല. ആന്റോ എബ്രഹാമിന് വേണ്ടിയുള്ള തെരച്ചിൽ വൈകിയും തുടർന്നു.

രക്ഷാപ്രവർത്തനത്തിന് നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ ജെയിൻ, നീണ്ടകര മറൈൻ എൻഫോഴ്മെന്റ് സി.ഐ എസ്.എസ്. ബൈജു, എസ്.ഐ വി.ജി.വിനു, എ.എസ്.ഐ യേശുദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺ, അജിത്ത്, ലൈഫ് ഗാഡുകളായ മാർട്ടിൻ, റോയി, ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement