'രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ പ്രോസിക്യൂഷനും അന്വേഷണ ഏജൻസിക്കും അത്യുത്സാഹം"

Wednesday 13 July 2022 1:36 AM IST

കൊച്ചി: വഞ്ചിയൂർ വിഷ്‌ണു വധക്കേസിൽ അർദ്ധസത്യങ്ങളും അവിശ്വസനീയമായ ദൃക്‌സാക്ഷി മൊഴികളുമാണുള്ളതെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി, രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകങ്ങളെ നിശിതമായി വിമർശിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ അന്വേഷണ ഏജൻസിയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് അത്യുത്സാഹം പ്രകടമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വിഷ്ണു വധക്കേസിൽ അന്വേഷണത്തിന്റെ തുടക്കം മുതൽ അർദ്ധസത്യങ്ങളും തിരഞ്ഞെടുത്ത സാക്ഷിമൊഴികളും കൊണ്ട് കേസ് രൂപപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാണ്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് എഫ്.ഐ.ആർ കോടതിയിലെത്തിയത്. കേസന്വേഷണം തുടങ്ങുന്ന ദിവസം കേസ് ഡയറി ഉണ്ടായിരുന്നില്ല. മുഖംമൂടി ധരിച്ചവർ അക്രമം നടത്തിയെന്ന പത്രറിപ്പോർട്ടുകൾ അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചില്ല. മുഖംമൂടി ധരിച്ച പ്രതികളെ തിരിച്ചറിയുന്നതിന് നടത്തിയ പരേഡ് സംശയകരമാണ്. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും കൃത്യമായി വിവരിച്ച് ദൃക്‌സാക്ഷികൾ നൽകിയ മൊഴികൾ അവിശ്വസനീയമാണ്.

കേസിൽ സാക്ഷിമൊഴികൾ പറഞ്ഞുപഠിപ്പിച്ചതാണ്. പൊലീസിനു നൽകിയ മൊഴിയിൽ ഇവർ ഇതൊന്നും പറഞ്ഞിട്ടുമില്ല. സംഭവത്തിനുശേഷം പ്രതികൾ പെട്ടെന്ന് രക്ഷപ്പെട്ടെങ്കിലും സാക്ഷികൾ അവരെ തിരിച്ചറിഞ്ഞു. അവരുടെ വാഹനങ്ങളക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. പ്രോസിക്യൂഷൻ സാക്ഷികളുടെ സാന്നിദ്ധ്യം തന്നെ സംശയകരമാണ്. അഞ്ച് മാസത്തിനിടെ മാറിവന്ന മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ കൂട്ടിച്ചേർത്തിട്ടുണ്ട്. 12 മുതൽ 16 വരെ പ്രതികളെ അവസാനഘട്ടത്തിൽ ചേർത്തത് വേണ്ടത്ര തെളിവില്ലാതെയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 അനുസ്മരണങ്ങൾ പക ആളിക്കത്തിക്കും

രാഷ്ട്രീയ പകപോക്കലുകളുടെയും കൊലപാതകങ്ങളുടെയും കഥ സംസ്ഥാനത്തിന്റെ സാമൂഹ്യഘടനയെ തകർക്കുന്നതാണ്. രക്തത്താൽ രചിക്കപ്പെടുന്ന ഇത്തരം വീരകഥകളും രാഷ്ട്രീയപ്പാർട്ടികൾ ഇവർക്കുവേണ്ടി ഒരുക്കുന്ന സ്മാരകങ്ങളും നിരാലംബരായ മാതാപിതാക്കൾക്കോ വിധവകൾക്കോ അനാഥരാകുന്ന കുട്ടികൾക്കോ ആശ്വാസമാകുന്നില്ല. വാർഷിക അനുസ്മരണങ്ങൾ പകയുടെ തീക്കനൽ ആളിക്കത്തിക്കുകയേയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisement
Advertisement