ജലസംരക്ഷണം: ആശയങ്ങളും ആശങ്കകളും പങ്കുവെച്ച് കേന്ദ്രസംഘം

Thursday 14 July 2022 12:02 AM IST
ജലസംരക്ഷണം

കോഴിക്കോട് : കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട ജൽശക്തി അഭിയാൻ കേന്ദ്രസംഘത്തിന്റെ കോഴിക്കോട് ജില്ലാ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. സാമ്പത്തിക മന്ത്രാലയം ഡി.ഐ.പി.എ.എം ഡയറക്ടർ രാഹുൽ ജെയിൻ, കേന്ദ്ര ഭൂജല ബോർഡിലെ ശാസ്ത്രജ്ഞൻ സി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദർശനം നടത്തിയത്. ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികൾ നേരിട്ടു കണ്ട് വിലയിരുത്തി.

ബുധനാഴ്ച ഭൂജല വകുപ്പിന്റെ തുറന്ന കിണർ റീചാർജ്, റീചാർജ് പിറ്റ് എന്നീ ഭൂജല സംപോഷണപദ്ധതികളുടെ സൈറ്റുകൾ സന്ദർശിച്ചു. ചാത്തമംഗലം എ.യു.പി സ്‌കൂൾ, ചാത്തമംഗലം ഗവ. എ.എൽ.പി സ്‌കൂൾ, ചൂലൂർ എ.യു.പി സ്‌കൂൾ തുടങ്ങിയ ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. മഴവെള്ളം ഉപയോഗിച്ചുള്ള റീചാർജിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂൾ അധികൃതരുമായും കുട്ടികളുമായും സംവദിച്ചു. ഇതേ മാതൃകയിൽ എല്ലാ വീടുകളിലും സംപോഷണ ആശയങ്ങൾ നടപ്പാക്കാൻ രക്ഷകർത്താക്കളെ ബോധവത്കരിക്കണമെന്ന് കേന്ദ്രസംഘം കുട്ടികളോട് പറഞ്ഞു.

തുടർന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ജില്ലയിൽ വളരെയധികം മഴ ലഭിക്കുന്നുണ്ടെന്നും ഭാവിയിൽ വരൾച്ച ഇല്ലാതിരിക്കാൻ ഭൂജല സംപോഷണ പദ്ധതികൾ നടപ്പിലാക്കണമെന്നും രാഹുൽ ജെയ്ൻ നിർദ്ദേശിച്ചു. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന 75 കുളങ്ങൾ നിർമ്മിക്കുന്ന പദ്ധതി ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ആശങ്കകളും ചർച്ചചെയ്തു. ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ വികസന കമ്മിഷണർ അനുപം മിശ്ര, ജൽശക്തി അഭിയാൻ നോഡൽ ഓഫീസർ ആൻഡ് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ജിജോ വി. ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement