സ്പിരിറ്റ് വിലയിൽ വർദ്ധന, മദ്യവില കൂട്ടേണ്ടിവരും: മന്ത്രി ഗോവിന്ദൻ

Thursday 14 July 2022 12:34 AM IST

തിരുവനന്തപുരം: സ്പിരിറ്റിന്റെ വിലയിൽ വലിയ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം ഒരു കുപ്പിക്ക് നാലു രൂപയോളം നഷ്ടത്തിലാണ് വിൽക്കുന്നതെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

കള്ള് വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ടോഡി ബോർഡ് വൈകാതെ നിലവിൽവരും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുമാങ്ങ, കൈതച്ചക്ക തുടങ്ങിയ കാർഷിക വിഭവങ്ങൾ ഉപയോഗശൂന്യമായി പോകുന്നുണ്ട്. ഇതുമൂലം കർഷകർക്കുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിന് ഇത്തരം വിളകൾ സംഭരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് സഹായകമാവും. കാർഷിക സർവകലാശാല ഇത്തരം കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങളിൽ നിന്നും വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കുന്നതിന് അനുവാദം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

ഐ.ടി പാർക്കുകളിൽ പ്രത്യേക സ്ഥലങ്ങൾ നീക്കിവച്ച് കർശന വ്യവസ്ഥകളോടെ മദ്യം നൽകുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കും. ഇതുസംബന്ധിച്ച ചട്ടം രൂപീകരിച്ചു വരുന്നു. യു.ഡി.എഫ് ഭരണകാലത്തേക്കാൾ മദ്യഷാപ്പുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും മദ്യവില്പനയിൽ കുറവ് വന്നിട്ടുണ്ട്. സർക്കാർ വ്യക്തമായ മദ്യനയം പ്രഖ്യാപിച്ചതാണ് കാരണം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എക്‌സൈസ് വകുപ്പ് 19,221 അബ്കാരി കേസുകളും 4147 എൻ.ഡി.പി.എസ് കേസുകളും എടുത്തിട്ടുണ്ട്.

Advertisement
Advertisement