കെട്ടിട നമ്പർ തട്ടിപ്പ്: ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം

Thursday 14 July 2022 12:02 AM IST

@ രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ കെട്ടിട ഉടമകളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സഞ്ചയ സോഫ്റ്റ്‌വെയറിലെ ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നേടിയ രണ്ട് കെട്ടിട ഉടമകൾക്കായാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അനിൽ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ ലഭിച്ചെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് ഫറോക്ക് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. ഒരു കേസിൽ രണ്ട് കോർപ്പറേഷൻ ജീവനക്കാർ, വിരമിച്ച ഒരു ഉദ്യോഗസ്ഥൻ, ഇടനിലക്കാർ, കെട്ടിട ഉടമ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.

ജീവനക്കാരിക്ക് സസ്പെൻഷൻ

കോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് എലത്തൂരിലെ റവന്യൂ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. എം.പി.പ്രീതയ്ക്കെതിരെയാണ് നടപടി. ഇവരുടെ ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ പ്രതികളായ രണ്ടുപേരുൾപ്പെടെ ഏഴ് ജീവനക്കാർ സസ്പെൻഷനിലായി.

Advertisement
Advertisement