പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ, പൊലീസുകാരിയിൽ നിന്ന് 1.75 ലക്ഷം ഈടാക്കാൻ ഉത്തരവ്

Thursday 14 July 2022 1:50 AM IST

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്റിങ്ങലിൽ എട്ടുവയസുള്ള ദളിത് ബാലികയെയും പിതാവിനെയും നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായിരുന്ന സി.പി രജിതയിൽ നിന്ന് 1.75 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. ബാലികയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും 25,000 രൂപ കോടതി ചെലവായി നൽകാനുമാണ് ഉത്തരവ്.

കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ജ‌ഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. ഈ തുക പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കണമെന്നായിരുന്നു ഉത്തരവെങ്കിലും അതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. എന്നാൽ, നഷ്ടപരിഹാരം നൽകാമെന്നും തുക ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്.

അച്ചടക്ക നടപടിയെടുക്കുന്നതുവരെ പൊലീസുകാരിയെ ക്രമസമാധാനപാലനത്തിൽ നിന്ന് മാറ്റിനിറുത്തണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസുകാരിയെ വീടിനടുത്തേക്ക് സ്ഥലംമാറ്റിയതും നൈറ്റ് ഡ്യൂട്ടിയില്ലാത്ത സ്പെഷ്യൽ യൂണിറ്റിൽ നിയമനം നൽകിയതും വിവാദമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിയോഗിച്ച ഐ.ജി ഹർഷിതാ അട്ടല്ലൂരി കുട്ടിയെയും പിതാവിനെയും ഒരുവട്ടം പോലും കാണുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പൊലീസുകാരിക്ക് ക്ലീൻചിറ്റ് നൽകിയതും വിവാദത്തിൽപെട്ടിരുന്നു.

Advertisement
Advertisement