തീവ്രവാദ ആരോപണം സമരത്തെ വഴിതിരിച്ച് വിടാൻ: ജനകീയ കൂട്ടായ്മ

Saturday 16 July 2022 12:09 AM IST
avikkal

കോഴിക്കോട്: ആവിക്കൽ തോട്ടിലെ കക്കൂസ് മാലിന്യ പ്ളാന്റിനെതിരെയുള്ള ജനകീയ സമരത്തെ വഴിതിരിച്ച് വിടാനാണ് സി.പി.എമ്മും കോഴിക്കോട് കോർപ്പറേഷനും തീവ്രവാദ ആരോപണം ഉന്നയിക്കുന്നതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് സമരത്തിൽ അണിനിരന്നിരിക്കുന്നത്. ഇതിൽ സി.പി.എം പ്രവർത്തകരുമുണ്ട്. ഇത് സംബന്ധിച്ച ചേർന്ന വാർഡ് സഭയിൽ പങ്കെടുത്ത 81 പേരിൽ 80 പേരും മാലിന്യ പ്ളാന്റ് ഇവിടെ വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. ഇതെല്ലാം അവഗണിച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും കള്ളക്കേസുകൾ എടുത്തും സമരത്തെ നേരിടാനാണ് തീരുമാനമെങ്കിൽ പിന്മാറില്ലെന്ന് അവർ പറഞ്ഞു. ജനങ്ങൾ വീട് വീടാന്തരം കയറി പിരിവെടുത്താണ് കേസ് നടത്താനുള്ള തുക സംഭരിക്കുന്നത്.

തിരുവനന്തപുരത്തെ മുട്ടത്തറ മാലിന്യപ്ളാന്റ് ജനകീയ കൂട്ടായ്മ പ്രതിനിധികൾ സന്ദർശിച്ചിരുന്നു. അവിടെ കോർപ്പറേഷൻ അധികൃതർ പറയുന്നത് പോലെയല്ല കാര്യങ്ങൾ. ആൾവാസം കുറഞ്ഞ സ്ഥലത്താണ് പ്ളാന്റ് . എന്നിട്ടും ജനങ്ങൾക്ക് പ്രശ്നമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ആവിക്കൽതോട് പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് പ്ളാന്റ് സ്ഥാപിച്ചാലുണ്ടാവുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

വാർഡ് കൗൺസിലർ സൗഫിയ അനീഷിനെതിരെ കോർപ്പറേഷൻ അധികൃതരും സി.പി.എമ്മും അപവാദ പ്രചാരണം നടത്തുകയാണ്. വാർഡ് കൗൺസിലർ പദ്ധതിക്ക് അനുകൂല നിലപാട് എടുത്തുവെന്ന പ്രചാരണം ശരിയല്ല. മെഡിക്കൽ കോളേജ് സ്വീവേജ് പ്ളാന്റിനെയാണ് കൗൺസിലർ അംഗീകരിച്ചത്. ഈ പദ്ധതിയെ ആരും എതിർത്തിട്ടില്ല. ആവിക്കൽതോട് പ്ളാന്റ് പ്രശ്നം ചർച്ചയ്ക്ക് വന്നപ്പോൾ 46 കൗൺസിലർമാർ അനുകൂലിക്കുകയും 23 പേർ എതിർക്കുകയും ചെയ്തിരുന്നു. എതിർത്തവരിൽ സൗഫിയയും ഉൾപ്പെടും.

വാർത്താസമ്മേളനത്തിൽ ജനകീയ കൂട്ടായ്മ ചെയർമാൻ ടി ദാവൂദ്, കൺവീനർ ഇർഫാൻ ഹബീബ് , വാർഡ് കൗൺസിലർ സൗഫിയ അനീഷ്, അരയ സമാജം പ്രതിനിധി കെ.കെ മനോഹരൻ, ജമാഅത്തുകളുടെ പ്രതിനിധി അബ്ദുൾ ഗഫൂർ എന്നിവരും പങ്കെടുത്തു. സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ജനകീയ സമര സമിതി പന്തലിലെത്തും.

Advertisement
Advertisement