ഓവലിൽ കൊടുത്തത് ലോഡ്സിൽ തിരിച്ചുകിട്ടി ഇനി മാഞ്ചസ്റ്ററിൽ കാണാം

Friday 15 July 2022 9:55 PM IST

ലണ്ടൻ : ഓവലിലെ ആദ്യ ഏകദിനത്തിൽ ഇംഗ്ളണ്ടിനെ 10 വിക്കറ്റിന് തകർത്ത ഇന്ത്യയ്ക്ക് ലോഡ്സിലെ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചടി കിട്ടിയതോടെ നാളെ മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ഏകദിനം നിർണായകമായി. കഴിഞ്ഞ രാത്രി ലോഡ്സിൽ 100 റൺസിനാണ് ഇംഗ്ളണ്ട് ഇന്ത്യയെ തകർത്തത്.

ഓവലിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയായിരുന്നു ഹീറോയെങ്കിൽ ലോഡ്സിൽ ആ റോളിലേക്കുയർന്നത് ഇംഗ്ലണ്ട് പേസർ റീസ് ടോപ്‌ലിയാണ്. വെറും 24 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ടോപ്‌ലി ഒരു ഇംഗ്ളീഷ് ബൗളറുടെ ഏറ്റവും മികച്ച ഏകദിന പ്രകടനമെന്ന റെക്കാഡും സ്വന്തമാക്കി. 2005ൽ പോൾ കോളിംഗ്‌വുഡ് സ്ഥാപിച്ചിരുന്ന റെക്കാഡാണ് ടോപ്‌ലി തകർത്തത്. 9.5 ഓവർ ബൗൾ ചെയ്ത ടോപ്ലി രണ്ട് ഓവറുകൾ മെയ്ഡനുമാക്കിയിരുന്നു. . കോളിംഗ്‌വുഡ് ബംഗ്ലാദേശിനെതിരേ 10 ഓവറിൽ 31 റൺസ് വഴങ്ങിയാണ് ആറുവിക്കറ്റെടുത്തിരുന്നത്. ക്രിസ് വോക്‌സും ഇംഗ്ലണ്ടിനായി ഏകദിനത്തിൽ ആറുവിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വോക്‌സ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിലെ ഒരു ഇടംകയ്യൻ ബൗളറുടെ മികച്ചപ്രകടനവുമായിരുന്നു ടോപ്‌ലിയുടേത്. ടോപ്‌ലിയാണ് മാൻ ഒഫ് ദ മാച്ചായത്.

ഒാവലിലെ വൻ വിജയത്തിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യ ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.ഒരുഘട്ടത്തിൽ 102/5 എന്ന നിലയിലായിരുന്ന ആതിഥേയർ 49 ഓവറിൽ 246 റൺസെടുത്താണ് ആൾഒൗട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് ഓവലിൽ ഇംഗ്ളണ്ടിന് സംഭവിച്ചതുപോലൊരു ബാറ്റിംഗ് ദുരന്തമാണ്. 38.5 ഓവറിൽ 146 റൺസിന് ഇന്ത്യ ആൾഒൗട്ടായതോടെ മൂന്നു മത്സര പരമ്പര 1–1ന് സമനിലയിലായി. ഇതോടെ ഞായറാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ഏകദിനം ഫൈനലിന് തുല്യമായി മാറി.

ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ഞെട്ടിച്ചു. 10 പന്ത് നേരിട്ട രോഹിത് ശർമ ടോപ്‌ലിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഡക്കായി മടങ്ങി. ശിഖർ ധവാൻ (9), ഋഷഭ് പന്ത് (0), വിരാട് കൊഹ്‌ലി (16) എന്നിവരും പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യ 11.2 ഓവറിൽ 4ന് 31 എന്ന നിലയിലായി. സൂര്യകുമാർ യാദവും (27) ഹാർദിക് പാണ്ഡ്യയും (29) പ്രതീക്ഷ നൽകിയെങ്കിലും സൂര്യയെ ബൗൾഡാക്കി ടോപ്‌ലി ആ പ്രതീക്ഷയും തകർത്തു. . രവീന്ദ്ര ജഡേജ (29), മുഹമ്മദ് ഷമി (23) എന്നിവരുടെ ചെറുത്തുനിൽപ്പും അവസാനിച്ചതോടെയാണ് ഇന്ത്യ തകർന്നടിഞ്ഞത്.

നേരത്തേ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിളിക്കുകയായിരുന്നു. ഓപ്പണർമാരായ ജേസൻ റോയിയും (23) ജോണി ബെയർസ്റ്റോയും (38) പുറത്തായതിനു പിന്നാലെ ജോ റൂട്ട് (11), ബെൻ സ്റ്റോക്സ് (21), ജോസ് ബട്‌ലർ (4) എന്നിവരും പെട്ടെന്നു മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. 21.3 ഓവറിൽ 5ന് 102 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ലിയാം ലിവിംഗ്സ്റ്റണും (33) മൊയിൻ അലിയും (47) ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ലിവിംഗ്സ്റ്റൺ പുറത്തായതിനു ശേഷം ഡേവിഡ് വില്ലിക്കൊപ്പം (41) ഏഴാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർക്കാനും മൊയിൻ അലിക്കു സാധിച്ചു. ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത് ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചെഹലാണ്. 10 ഓവറിൽ 47 റൺസ് വഴങ്ങി ചെഹൽ നാലു വിക്കറ്റെടുത്തു. ബുംറ, ഹാർദിക് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Advertisement
Advertisement