പഴകുളം സോഷ്യൽ ഫോറസ്ട്രി പാർക്ക് : ആരുടേത് ?

Friday 15 July 2022 11:33 PM IST

പഴകുളം : വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നതോടെ പഴകുളം സോഷ്യൽ ഫോറസ്ട്രി പാർക്കിന് നാഥനില്ലാത്ത സ്ഥിതിയായി. തങ്ങളുടെ സ്ഥലമാണ് പാർക്കിന് വിട്ടുകൊടുത്തതെന്ന് കെ.ഐ. പി പറയുന്നു. സംരക്ഷണ ഉത്തരവാദിത്വം തങ്ങളെ ഏൽപിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. സാമൂഹ്യ വനവത്കരണം നടപ്പിലാക്കുകയല്ലാതെ ദീർഘകാലം സംരക്ഷിക്കാൻ തങ്ങൾക്കാവില്ലെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. ഇതോടെ ആർക്കും ഉത്തരവാദിത്വമില്ലാതായ പാർക്കിന്റെ അവകാശികളിപ്പോൾ ഇഴജന്തുക്കളാണ്. മരങ്ങൾ സോഷ്യൽ ഫോറസ്ട്രിയുടെ ഭാഗമാണെങ്കിലും പാർക്ക് ഉപേക്ഷിക്കപ്പെട്ടതിനാലാണ് കാട് വളർന്നത്. നിരവധി ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള വിനോദോപകരണങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നത് നശിച്ചു. എൻ.ആർ. ഇ.പി. പദ്ധതി പ്രകാരം 5 ലക്ഷം രൂപ മുടക്കി 1988 ലാണ് പാർക്ക് സ്ഥാപിച്ചത്. അന്ന് കായംകുളം - പുനലൂർ റോഡിന്റെ അരികിലുള്ള 50 സെന്റ് സ്ഥലമാണ് പാർക്കിനായി തിരത്തെടുത്തത്. വനം വകുപ്പ് മന്ത്രിയായിരുന്ന എൻ.എം.ജോസഫാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം സോഷ്യൽ ഫോറസ്റ്ററി അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പാർക്ക് വൃത്തിയായി സൂക്ഷിച്ചിരുന്നപ്പോൾ സ്കൂൾ വിദ്യാർത്ഥികൾ ഇവിടെ കളിക്കാൻ എത്തുമായിരുന്നു. ഇവിടെത്തന്നെ പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് പദ്ധതി വരുന്നുണ്ട്. പാർക്കുകൂടി സജ്ജമായാൽ ഏറെ പ്രയോജനപ്രദമായിരുന്നു. സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കുന്നതിൽ തർക്കമില്ലെന്ന് സോഷ്യൽ ഫോറസ്ട്രി അധികൃതർ പറഞ്ഞു.

Advertisement
Advertisement