വളപട്ടണം തീവ്രവാദക്കേസ്: രണ്ട് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

Saturday 16 July 2022 12:41 AM IST

കൊച്ചി: ഒൻപത് യുവാക്കളെ ഭീകരസംഘടനയായ ഐസിസിൽ ചേർക്കാൻ സിറിയയിലേക്ക് കടത്തിയെന്ന കേസിൽ ഒന്നാംപ്രതി കണ്ണൂർ ചക്കരയ്ക്കൽ മുണ്ടേരി കൈപ്പയ്ക്കയിൽ മിഥിലജ് എന്ന അബു മിസ്റബ് (31), അഞ്ചാംപ്രതി കണ്ണൂർ തലശേരി കുഴിപ്പങ്ങാട് തൗഫീക്ക് ഹൗസിൽ യു.കെ. ഹംസ (61) എന്നിവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി​ അനിൽ.കെ ഭാസ്‌കർ ശിക്ഷ വിധിച്ചു. രണ്ടാംപ്രതി കണ്ണൂർ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ വീട്ടിൽ അബ്ദുൾ റസാഖ് എന്ന അബു അഹമ്മദിന് (38) ആറുവർഷം കഠി​നതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ.

മൂന്നുപ്രതികളും വിചാരണത്തടവുകാരായി അഞ്ചുവർഷം ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവുചെയ്യും. മിഥിലജിനും ഹംസയ്ക്കും വി​വി​ധ വകുപ്പുകളിലായി 21വർഷം കഠിനതടവും റസാഖിന് 12 വർഷവുമാണ് ശിക്ഷ വി​ധി​ച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് ശിക്ഷാ കാലയളവ് കുറഞ്ഞത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം.

പ്രതികൾ സിറിയയിലേക്ക് കടത്തിയതിൽ അഞ്ചുപേർ യുദ്ധത്തിൽ മരിച്ചു. നാലുപേരെ കാണാതായി. ആറുപ്രതികളുള്ള കേസിൽ കണ്ണൂർ സ്വദേശി എം.വി റാഷീദ്, മനൗഫ് റഹ്മാൻ എന്നിവർ മാപ്പുസാക്ഷികളായി. കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ദുൾ ഖയൂം ഒളിവിൽ കഴിയുമ്പോൾ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു.

2017 ഒക്ടോബർ എട്ടിന് കണ്ണൂർ വളപട്ടണം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഐസിസിന്റെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ വേരോട്ടമുണ്ടായതായി വിധിയിൽ പറയുന്നു. 2019 സെപ്തംബർ 16ന് ആരംഭിച്ച വിചാരണ കൊവിഡ് വ്യാപനത്തെത്തുടർന്നാണ് നീണ്ടുപോയത്.

Advertisement
Advertisement