മണിയുടെ വിവാദ പ്രസംഗം: തള്ളാതെ തണുപ്പിക്കാൻ സി.പി.എം; ആളിക്കത്തിക്കാൻ യു.ഡി.എഫ്

Friday 15 July 2022 11:44 PM IST

തിരുവനന്തപുരം: കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ എം.എൽ.എയ്ക്കെതിരായ നിയമസഭയിലെ എം.എം. മണിയുടെ പ്രസംഗം ഇടതുമുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചിരിക്കെ, പ്രകോപനത്തിന് നിൽക്കാതെ വിവാദം തണുപ്പിക്കാൻ സി.പി.എം ശ്രമം. മണിയെ തള്ളിപ്പറയേണ്ടെന്ന ധാരണ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുരുത്തിരിഞ്ഞു.

എം.എം. മണിയുടെ പ്രസംഗത്തിൽ അപകീർത്തികരമായതൊന്നുമില്ലെന്ന് സി.പി.എം പറയുന്നുണ്ടെങ്കിലും മണിയുടെ പ്രയോഗം ഉചിതമായില്ലെന്ന അഭിപ്രായങ്ങളും സി.പി.എമ്മിനകത്തുയരുന്നുണ്ട്.

ടി.പി.ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാക്കാൻ ഇടയാക്കിയെന്ന അഭിപ്രായവും സി.പി.എമ്മിനകത്തുണ്ട്. കോഴിക്കോട്, കണ്ണൂർ മേഖലകളിൽ പാർട്ടി പ്രതിരോധത്തിലാവുന്ന അവസ്ഥ ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.വൈകാരികവിഷയമാക്കി എതിരാളികൾക്ക് ആയുധമിട്ട് കൊടുക്കേണ്ടതില്ലെന്ന് സി.പി.എം കരുതുന്നു. അണികളിൽ, പ്രത്യേകിച്ച് മലബാറിൽ വൈകാരികസ്വാധീനമുണർത്താൻ പോന്നതാണ് വിവാദം.

മണിയെ തള്ളിപ്പറയാതെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചെയ്തത്.

എം.എം. മണി സ്വതസിദ്ധശൈലിയിൽ നടത്തിയ പ്രതികരണമെന്ന് സി.പി.എം ലഘൂകരിക്കുമ്പോഴും വിധവയായിപ്പോയത് അവരുടെ വിധിയാണെന്ന പ്രയോഗം കടുത്തുപോയിയെന്ന വികാരം ഇടതുമുന്നണിയിൽ ശക്തമാണ്. സി.പി.ഐ നേതാക്കളുടെ പ്രതികരണങ്ങൾ അത് വ്യക്തമാക്കുന്നു. ഒരു കമ്യൂണിസ്റ്റ് പറയാൻ പാടില്ലാത്തതാണ് എം.എം. മണി പറഞ്ഞതെന്ന് സി.പി.ഐയുടെ നേതാവ് ആനി രാജ കടുപ്പിച്ചപ്പോൾ, വിവാദത്തിലേക്ക് കടക്കാതെ ഒഴിഞ്ഞുമാറുകയാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്തത്.

. മണിയുടെ പ്രതികരണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം തിരിഞ്ഞിരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരനെ കൊന്നതിന്റെ ചോരക്കറ മുഖ്യമന്ത്രിയുടെ കൈകളിലുണ്ടെന്നാണ് ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. ടി.പി വധക്കേസിൽ വൻസ്രാവുകൾ രക്ഷപ്പെട്ടെന്നും ഒരു ഘട്ടമെത്തിയപ്പോൾ അന്വേഷണം മുന്നോട്ട് പോയില്ലെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതും ചർച്ചയായി.

സഭ സ്തംഭിച്ചാൽ

ഗില്ലറ്റിൻ ചെയ്യും

മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളം കാരണം നിയമസഭയും പ്രക്ഷുബ്ധമായി. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുന്നത്. മണി മാപ്പ് പറയാനോ, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രയോഗത്തെ തള്ളിപ്പറയാനോ കൂട്ടാക്കാത്തത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നു. തിങ്കളാഴ്ചയും സഭാസ്തംഭനം തുടർന്നാൽ വ്യാഴാഴ്ച വരെ തുടരേണ്ട സമ്മേളനം അന്നോ, പിറ്റെന്നോ അവസാനിപ്പിക്കാനും സാദ്ധ്യതയുണ്ട്. ബഡ്ജറ്റിന്റെ ഭാഗമായുള്ള ധനകാര്യ, ധനവിനിയോഗബില്ലുകളാണ് പ്രധാനമായും പാസാക്കാനുള്ളത്. ബഹളം തുടർന്നാൽ ഒറ്റയടിക്ക് ഗില്ലറ്റിൻ ചെയ്ത് പാസാക്കാൻ സർക്കാർ തീരുമാനിച്ചേക്കാം.

Advertisement
Advertisement