തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 70 വൈറസ് രോഗങ്ങൾ കണ്ടെത്താം

Saturday 16 July 2022 12:43 AM IST

തിരുവനന്തപുരം : കൊവിഡും മങ്കിപോ‌ക്‌സും ഉൾപ്പെടെ 70 തരം വൈറസ് രോഗങ്ങൾ നിർണയിക്കാൻ തോന്നയ്‌ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ (ഐ.എ.വി) ആധുനിക സൗകര്യങ്ങൾ.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് ബയോസേഫ്റ്റി ലെവൽ 2 ലാബുകളും മൈക്രോബയോളജിസ്റ്റുകളും ഉണ്ട്. രാജ്യത്ത് ആദ്യമായി എത്തുന്ന രോഗങ്ങളുടെ നിർണയം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻ.ഐ.വി) മാത്രമേ നടത്താവൂയെന്ന് ഐ.സി.എം.ആർ നിർദ്ദേശം ഉള്ളതിനാൽ സംസ്ഥാന സർക്കാരിന് ഇപ്പോൾ മങ്കിപോ‌ക്‌സിന്റെ സാമ്പിളുകൾ ഐ.എ.വിയിലേക്ക് നൽകാനാകില്ല. കേസുകൾ വർദ്ധിച്ചാൽ ഐ.എ.വിയിലും പരിശോധിക്കാൻ ഐ.സി.എം.ആർ അനുവദിച്ചേക്കും. മങ്കിപോക്‌സിന്റെ പരിശോധനാഫലം പൂനെയിൽ നിന്ന് ലഭിക്കാൻ ഒരുദിവസത്തിലേറെ കാത്തിരിക്കണം. ഐ.എ.വിയിൽ നാല് മണിക്കൂറിൽ അറിയാം.

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്താനുള്ള ജനിതക ശ്രേണീകരണം, തക്കാളിപ്പനി, ഡെങ്കു, ചിക്കൻഗുനിയ,സിക്ക,നിപ്പ,എച്ച് 1,എൻ 1,ഒരുകൂട്ടം വൈറസുകളെ ഒരേസമയം പരിശോധിക്കുന്ന റെസ്‌പിറേറ്ററി പാനൽ എന്നിങ്ങനെ 70 വൈറസ് രോഗങ്ങളുടെ നിർണയമാണ് ഇവിടെ നടക്കുന്നത്. ഗവേഷണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധിക്കുന്നതെങ്കിലും അതിന്റെ ഭാഗമായാണ് രോഗ നിർണയ ലാബും ഒരുക്കിയത്. അഞ്ച് ശാസ്ത്രജ്ഞരും 40ജീവനക്കാരുമാണ് ഉള്ളത്. 2019ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നെങ്കിലും പരിശോധനകൾ വൈകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ സർക്കാർ പുതിയ ഡയറക്ടറെ നിയോഗിച്ച് ഒൻപത് മാസത്തിനുള്ളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സുസജ്ജമായത്.

 വാക്‌സിൻ ഗവേഷണവും തുടങ്ങി

സിക്ക,​ ചിക്കൻഗുർനിയ വാക്‌സിനുകളുടെ ഗവേഷണം ആരംഭിച്ചു. നിലവിലുള്ള വൈറൽ രോഗങ്ങൾക്കും വരാൻ സാദ്ധ്യതയുള്ള പുതിയ രോഗങ്ങൾക്കും തുടക്കത്തിലേ മികച്ച ചികിത്സ നൽകാനുള്ള

ആന്റിവൈറൽ മോളിക്യൂൾ ഗവേഷണവും പുരോഗമിക്കുകയാണ്.

'മങ്കിപോ‌‌ക്‌സ് സാമ്പിൾ പരിശോധനയ്ക്ക് ഐ.എ.വിയിൽ സംവിധാനമുണ്ട്.ഐ.സി.എം.ആർ നിദ്ദേശം കിട്ടിയാൽ പരിശോധന ആരംഭിക്കാം.ഗവേഷണങ്ങളും പുരോഗമിക്കുകയാണ്.'

-ഡോ.ഇ.ശ്രീകുമാർ,​ ‌ ഡയറക്ടർ, ഐ.എ.വി,​തോന്നയ്ക്കൽ

Advertisement
Advertisement