സുഗതകുമാരിയുടെ വാഴുവേലിൽ തറവാട് കാടുകയറുന്നു, മലയാളമേ മാപ്പ്...

Sunday 17 July 2022 12:13 AM IST
കാട് കയറി കിടക്കുന്ന വാഴുവേലില്‍ തറവാട്‌

ആറന്മുള : കാടും വള്ളിപടർപ്പുകളും നിറഞ്ഞ പറമ്പ്. മുറ്റവും പറമ്പും തിരിച്ചറിയനാകാത്ത വിധം പുല്ലുവളർന്നു നിൽക്കുന്നു. ചെളികെട്ടിയ വഴിയും നിറം മങ്ങിയ മതിലുകളും അടച്ചുപൂട്ടിയ ഗേറ്റും. മണ്ണിനും മലയാളത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാടായ വാഴുവേലിൽ വീടിന്റെ ഇന്നത്തെ അസ്ഥയാണിത്.

സർക്കാർ എറ്റെടുത്തെങ്കിലും നോക്കാൻ ആളില്ലാതെ കാടുകയറിയ നിലയിലാണ് തറവാട്. സുഗതകുമാരിയുടെ ചിന്തകൾക്കും കവിതകൾക്കുമൊപ്പം സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന പിതാവ് ബോധേശ്വരന്റെ ആശയങ്ങളുറങ്ങുന്ന വീട് കൂടിയാണ് വാഴുവേലിൽ തറവാട്. കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, സാഹിത്യ മണ്ഡലങ്ങിൽ നിറഞ്ഞുനില്ക്കുന്ന ഈ തറവാട് കടുത്ത അവഗണന നേരിടുകയാണ്.
2018ലെ പ്രളയത്തിൽ കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് തറവാടും പരിസരവും പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന് സുഗതകുമാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. സർപ്പക്കാവ് പുനരുദ്ധാരണം, മൂടിപ്പോയ കുളം വീണ്ടെടുക്കൽ, പടിപ്പുര നിർമ്മാണം എന്നിവ നടത്താനും പദ്ധതി തയ്യാറാക്കി.
ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് പ്ലാൻ വരച്ചത്. വാസ്തുവിദ്യ വകുപ്പും പുരാവസ്തുവകുപ്പും സുഗതകുമാരിയും ഒരുമിച്ചാണ് പ്ലാനിന് അനുമതി നൽകിയത്. പുരാവസ്തുവകുപ്പ് തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിന് പുനർനിർമ്മാണ ചുമതല നൽകുകയായിരുന്നു. 2019 ജനുവരിയിൽ ആരംഭിച്ച ജോലികൾ 2020 ജനുവരിയോടെയാണ് പൂർത്തിയാക്കിയത്. 64 ലക്ഷം രൂപയിലധികം ചെലവിട്ടാണ് തറവാടും പരിസരപ്രദേശങ്ങളും നവീകരിച്ചത്. പുനർനിർമ്മാണത്തിനിടയിൽ സർപ്പകാവ് വെട്ടി നശിപ്പിക്കുകയും കാവിലെ വിഗ്രഹങ്ങളിൽ പെയിന്റ് പൂശിയതും വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
മലയാളത്തെ സ്‌നേഹിക്കുന്നവർക്കായി തറവാട് തുറന്നു കൊടുക്കണമെന്നായിരുന്നു കവയിത്രിയുടെ ആഗ്രഹം. എന്നാൽ ആർഭാടത്തോടെ ഉദ്ഘാടനം നടത്തിയതൊഴിച്ചാൽ പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലാ. സാഹിത്യത്തിന്റെ ഈ തറവാട് സംരക്ഷിക്കാനാളില്ലാതെ വിസ്മൃതിയുടെ വക്കിലാണ്. സുഗതകുമാരിയുടെ സാംസ്‌കാരിക സാഹിത്യ സാമൂഹിക സംഭാവനകൾക്ക് മേലെയാണ് ഇപ്പൊൾ അവഗണനയുടെ കാടുകയറുന്നത്.

മലയാള സാഹിത്യലോകത്തിനുണ്ടാകുന്ന തീരാനഷ്ടമാണ് വാഴുവേലിൽ തറവാടിന് സംഭവിക്കുന്ന ഇൗ ദുരവസ്ഥ.

Advertisement
Advertisement