നടിയെ ആക്രമിച്ച കേസ് : വിവോഫോൺ ആരുടേതെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി

Sunday 17 July 2022 12:47 AM IST

• മെമ്മറികാർഡിലെ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും വിചാരണക്കോടതി ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡ് പരിശോധിച്ചതാരെന്നും ഇതിനായി ഉപയോഗിച്ച വിവോഫോൺ ആരുടേതാണെന്നും കണ്ടെത്തണമെന്ന് വിചാരണക്കോടതി വാക്കാൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള തുടരന്വേഷണത്തിന് അനുവദിച്ച സമയംകഴിഞ്ഞ സാഹചര്യത്തിൽ ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ഇക്കാര്യം പറഞ്ഞത്.

2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19 മുതൽ 12.54വരെ ജിയോസിമ്മുള്ള ഒരുവിവോഫോണിലിട്ട് കാർഡ് പരിശോധിച്ചതായി ഫോറൻസിക് ലാബിൽനിന്ന് കഴിഞ്ഞദിവസം കോടതിക്കും അന്വേഷണസംഘത്തിനും റിപ്പോർട്ട് നൽകിയിരുന്നു. കാർഡിന്റെ ഹാഷ്‌വാല്യൂ മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച് ഫോൺ എവിടെയുണ്ടെന്നു കണ്ടെത്താനാവും. കാർഡിന്റെ ഹാഷ്‌വാല്യൂമാറ്റത്തിൽ വ്യക്തതവരുന്നതുവരെ ആരെയും സംശയത്തിന്റെ നിഴലിൽ നിറുത്തുന്നത് ശരിയല്ല. മെമ്മറികാർഡിലെ ദൃശ്യങ്ങൾ കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നെങ്കിലും താൻ നിരസിച്ചെന്നും ഇതുവരെ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ജഡ്‌ജി ഹണി എം. വർഗീസ് പറഞ്ഞു. വിചാരണയ്ക്ക് ആവശ്യമാണെങ്കിൽ മാത്രമേ അത് കാണൂവെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും വാക്കാൽ പറഞ്ഞു.

അതേസമയം തുടരന്വേഷണം നീണ്ടുപോകുന്നതിലുള്ള അതൃപ്തി കോടതി പ്രകടിപ്പിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണസംഘത്തിന് ഉദ്ദേശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. മൂന്നാഴ്ചകൂടിസമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും 18ന് ഹൈക്കോടതി ഹർജി പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. തുടർന്ന് കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

2021 ജൂലായ് 19ന് ദൃശ്യങ്ങൾ കാണാൻ ഒന്നാംപ്രതി പൾസർ സുനിയുടെ അഭിഭാഷകന് കോടതി അനുമതി നൽകിയിരുന്നു. അന്ന് വൈകിട്ട് മൂന്നുമണിക്കാണ് താൻ ദൃശ്യങ്ങൾ കണ്ടതെന്നും പെൻഡ്രൈവിൽ കോപ്പിയെടുത്ത ദൃശ്യങ്ങൾ ലാപ്ടോപ്പിലാണ് തന്നെ കാണിച്ചതെന്നും അഭിഭാഷകൻ വിശദീകരിച്ചു. ഇതോടെയാണ് അന്നേദിവസം ഉച്ചയ്ക്ക് മെമ്മറികാർഡ് പരിശോധിച്ചതാരെന്ന ചോദ്യം പ്രസക്തമായത്. കേസിലെ പ്രതികൾക്കും അഭിഭാഷകർക്കും കേസിന്റെ ആവശ്യങ്ങൾക്കായി ദൃശ്യങ്ങൾകാണാൻ നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പകർത്താൻ കഴിയുന്ന ഒരുപകരണവും ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമ്പോൾ അനുവദിക്കരുതെന്ന കർശന നിർദ്ദേശത്തോടെയായി​രുന്നു അനുമതി​.

Advertisement
Advertisement