നിയമസഭയുടെ തിരക്കിൽ ഫയൽ തീർപ്പാക്കൽ ഇഴഞ്ഞു

Saturday 16 July 2022 9:21 PM IST

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന സെക്രട്ടേറിയറ്റി​ൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് നിയമസഭാ സമ്മേളനം തുടങ്ങിയതോടെ വേഗം കുറഞ്ഞു. സഭയിൽ മന്ത്രിമാർ മറുപടി നൽകേണ്ട ചോദ്യങ്ങൾക്കും സബ്മിഷനുകൾക്കും മറ്റും ഉത്തരങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. അടുത്ത ദിവസം സഭയിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങൾക്ക് തലേദിവസമാണ് മറുപടി തയ്യാറാക്കുന്നത്. വിവരങ്ങൾ ശേഖരിക്കുകയും അത് വകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ഫയലാക്കി മന്ത്രിയുടെ ഓഫീസിന് കൈമാറണം. വൈകിട്ട് ആറിനകം അടുത്ത ദിവസത്തെ ചോദ്യങ്ങൾക്ക് മറുപടി ഫയൽ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. 21 വരെ സഭാ സമ്മേളനമാണ്.

സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിൽ നിന്നുള്ള കെട്ടിക്കിടക്കുന്ന ഫയൽ എണ്ണം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് (പി ആന്റ് എ.ആർ.ഡി) കൈമാറിയെങ്കിലും ചില വകുപ്പുകൾ ഫയൽ നമ്പർ ഉൾപ്പെടുത്തിയില്ല.നമ്പർ ഉൾപ്പെടുത്തണമെന്ന് പി ആന്റ് എ.ആർ.ഡി നിർദ്ദേശിച്ചു. ഇത് സോഫ്‌റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാകുന്നതേയുള്ളൂ. ഇതിനുശേഷമേ ഫയലുകൾ ഏകീകരിക്കുകയുള്ളൂ. അപ്പോഴേ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കൃത്യമായ വിവരം ലഭ്യമാകൂ. അതിനുശേഷമാകും നടപടി റിപ്പോർട്ടിന് ശുപാർശ ചെയ്യുക.

 വാട്ടർ അതോറിട്ടി ഓഫീസ്

ഇന്ന് പ്രവർത്തിക്കും

ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി വാട്ടർ അതോറിട്ടിയുടെ എല്ലാ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. ഉപഭോക്തൃ സേവനങ്ങൾ ലഭിക്കില്ല.

Advertisement
Advertisement