ഖഷോഗി വധം ചൂണ്ടിക്കാട്ടി ബൈഡൻ, അബു ഗ്രൈബ് ഓർമ്മിപ്പിച്ച് സൗദി കിരീടാവകാശി

Sunday 17 July 2022 1:44 AM IST

റിയാദ്: സൗദി സന്ദർശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോട് മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധം പരാമർശിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന ഖഷോഗിയുടെ വധത്തിൽ പങ്കുണ്ടെന്ന ആരോപണം മുഹമ്മദ് ബിൻ സൽമാൻ നിഷേധിച്ചെന്ന് ബൈഡൻ പറഞ്ഞു.

'ഖഷോഗിയുടെ വധത്തിന് ഉത്തരവാദി കിരീടാവകാശിയാണെന്ന് ഞാൻ കരുതുന്ന കാര്യം സൂചിപ്പിച്ചു. ഖഷോഗിയുടെ വധത്തിൽ വ്യക്തിപരമായി തനിക്ക് ഉത്തരവാദിത്വമില്ലെന്നും അതിന് പിന്നിലുള്ളവർക്കെതിരെ താൻ നടപടി സ്വീകരിച്ചെന്നുമാണ് മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചത് " കിരീടാവകാശിയുമായി വെള്ളിയാഴ്ച നടന്ന പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച നടന്ന മുറിയിലേക്ക് മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല.

ഖഷോഗി വധത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നാണ് യു.എസ് ഇന്റലിജൻസ് ഏജൻസി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇക്കാരണത്താൽ ബൈഡന്റെ സൗദി സന്ദർശനത്തിനെതിരെ യു.എസിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.

ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി അറേബ്യയെ ലോകവേദിയിൽ ഒറ്റപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബൈഡൻ പ്രഖ്യാപിച്ചതും ഇപ്പോൾ അതേ സൗദിയിലേക്ക് സന്ദർശനത്തിനെത്തിയതും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. യുക്രെയിൻ - റഷ്യ അധിനിവേശ പശ്ചാത്തലത്തിൽ എണ്ണയ്ക്ക് ബദൽ മാർഗം കണ്ടെത്തി റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ബൈഡൻ നടത്തുന്നത്.

അതേസമയം, ബൈഡന്റെ ഖഷോഗി വധ പരാമർശത്തിനെതിരെ മുഹമ്മദ് ബിൻ സൽമാനും തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്. ഇത്തരം സംഭവങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നതായി ബൈഡനോട് പറഞ്ഞ മുഹമ്മദ് ബിൻ സൽമാൻ യു.എസിന്റെ ഭാഗത്തെ നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടിയെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇറാഖിലെ അബു ഗ്രൈബ് ജയിലിലെ തടവുകാർക്ക് നേരെ യു.എസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ കിരീടാവകാശി ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഖഷോഗി വധത്തിൽ വലിയ ശബ്ദമുയർത്തുന്ന യു.എസ് എന്ത് കൊണ്ട് മേയിൽ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ സൈനിക ഓപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട യു.എസ് പൗരകൂടിയായ ഷിറീൻ അബു അഖ്‌ലെയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നില്ല എന്ന് കിരീടാവകാശി ബൈഡനോട് പ്രതികരിച്ചെന്നും റിപ്പോർട്ടുണ്ട്.

2018 ഒക്ടോബർ 2നാണ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. ഇൗസ്താംബൂളിലുള്ള സൗദി കോൺസുലേ​റ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്ന് കരുതുന്നു. കേസിൽ പ്രതികളെന്ന് കണ്ടെത്തിയ ചിലർക്കെതിരെ സൗദി വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നു.

 18 കരാറുകളിൽ ഒപ്പിട്ടു

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൗദിയിലെ സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ ചർച്ചകൾ നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, നാഷണൽ സെക്യൂരിറ്റ് അ‌ഡ്വൈസർ ജേക്ക് സള്ളിവൻ എന്നിവരും ബൈഡനൊപ്പം കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

ഊർജ്ജം, നിക്ഷേപം, ബഹിരാകാശം, വാർത്താവിനിമയം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ 18 കരാറുകളിൽ സൗദിയും യു.എസും ഒപ്പുവച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. പരസ്പരനിക്ഷേപം നടത്താനും ഇരുരാജ്യങ്ങളും ധാരണയായി. യെമനിലെ ഹൂതി വിമതരുടെ ആക്രമണം പ്രതിരോധിക്കാൻ സൗദിയെ പിന്തുണയ്ക്കുമെന്ന് ബൈഡൻ അറിയിച്ചു.

Advertisement
Advertisement