ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി വേൾ‌ഡ് മലയാളി കൗൺസിൽ

Sunday 17 July 2022 12:00 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങളെ ഒരു കുടക്കീഴിൽ എത്തിച്ച് അവർക്ക് ഉപജീവനമാർഗം ഒരുക്കികൊടുക്കാനുള്ള പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി). ഡബ്ല്യു.എം.സി ഗ്ളോബൽ മുൻചെയർമാൻ ഡോ.പി.ഇ.ഇബ്രാഹിം ഹാജിയുടെ സ്‌മരണാർത്ഥം കോഴിക്കോട്ട് നരിക്കുനിയിലുള്ള 40 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. മൂന്ന് സെന്റിലാണ് കുടുംബങ്ങൾക്ക് വീട് വച്ചുനൽകുന്നത്. നാല് ലക്ഷം രൂപയാണ് ഒരു വീടിന് ചെലവിടുക. ഇതിൽ രണ്ട് ലക്ഷം സർക്കാർ സബ്സിഡി നൽകും. ഒരു ലക്ഷം രൂപ ഗുണഭോക്താവ് ചെലവഴിക്കണം. ശേഷിക്കുന്ന ഒരു ലക്ഷം സ്‌പോൺസർഷിപ്പിലൂടെ സമാഹരിക്കും. ഡബ്ല്യു.എം.സി ഇന്ത്യ റീജിയൺ മുൻ സെക്രട്ടറി ഡോ.അജിൽ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒ നൽകിയ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ആറ് കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഇവർക്ക് നൈപുണ്യവികസനത്തിനുള്ള പരിശീലനവും നൽകുമെന്ന് ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്റ് ജോൺ മത്തായി, സെക്രട്ടറി പിന്റോ കണ്ണംപള്ളി, ഇന്ത്യ റീജിയൻ ചെയർപേഴ്‌സൺ കെ. ജി. വിജയലക്ഷ്മി, ട്രഷറർ ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ.പി.കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡബ്ല്യു.എം.സിയുടെ പതിമ്മൂന്നാമത് ഗ്ലോബൽ കോൺഫറൻസിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement