വെങ്കലത്തോടെ മംഗളം പാടി ആലിസൺ

Saturday 16 July 2022 11:04 PM IST

രണ്ട് പതിറ്റാണ്ട് നീണ്ട അത്‌ലറ്റിക് കരിയറിന് കർട്ടനിട്ട് അമേരിക്കൻ താരം ആലിസൺ ഫെലിക്സ്

ഒറിഗോൺ : ലോക അത്‌ലറ്റിക്സ് ട്രാക്കിലെ അമേരിക്കൻ അത്ഭുതം ആലിസൺ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമിട്ടു. ഒറിഗോൺ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4-100 മീറ്റർ റിലേ ടീമിൽ വെങ്കലം നേടിയാണ് ആലിസൺ തന്റെ കരിയർ ഫിനിഷ് ചെയ്തത്. വിവിധ ലോക ചാമ്പ്യൻഷിപ്പുകളിൽ നിന്ന് 13 സ്വർണം ഉൾപ്പെടെ 19 മെഡലുകൾ സ്വന്തമാക്കിയ ആലിസൺ ഏഴ് സ്വർണമുൾപ്പടെ 11ഒളിമ്പിക് മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.

2002 പാരീസ് ലോക ചാമ്പ്യൻഷിപ്പിലൂടെയാണ് ആലിസൺ കരിയർ തുടങ്ങിയത്. അന്ന് 200 മീറ്ററിൽ ക്വാർട്ടർ ഫൈനൽവരെ എത്തിയെങ്കിലും മെഡൽ കിട്ടിയില്ല. 2005 ൽ ഹെൽസിങ്കിയിലാണ് മെഡൽക്കൊയ്ത്ത് തുടങ്ങിയത്. 200 മീറ്ററിലായിരുന്നു ആദ്യ സ്വർണം. അന്ന് പ്രായം 20. രണ്ടുവർഷംമുമ്പ് ദോഹ ലോക ചാമ്പ്യൻഷിപ്പിൽ 4- 400 മീറ്റർ റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ സ്വർണം നേടി. ഏതൻസ് ഒളിമ്പിക്സിലെ വെള്ളിമെഡലോടെയാണ് ഒളിമ്പിക് മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടു പതിറ്റാണ്ടുനീണ്ട അന്താരാഷ്ട്ര കരിയറിനിടെ ലോക അത്‌ലറ്റിക്‌സിൽ ഏറ്റവും നേട്ടമുണ്ടാക്കിയ അത്‌ലറ്റ് എന്ന നേട്ടത്തോടെയാണ് 36-കാരിയായ ആലിസൺ ഫെലിക്‌സ് കളംവിടുന്നത്.

ഇത് സമ്മോഹനമായ യാത്രയായിരുന്നു. അത്‌ലറ്റിക്സിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളോരോന്നും ഞാൻ ആസ്വദിച്ചു. കരിയറിൽ ഉയർച്ചയും താഴ്ചയുമുണ്ടായി. സ്‌പോർട്സിനെ ഞാൻ ഇഷ്ടപ്പെടുന്നു. അതെന്നെ മുറിവേൽപ്പിച്ചിട്ടുമുണ്ട്. എങ്കിലും സന്തോഷകരമായ നിമിഷങ്ങളാണ് കൂടുതലും -ആലിസൺ ഫെലിക്‌സ്

Advertisement
Advertisement