16കാരിക്ക് ഗർഭഛിദ്രം, ഡോക്ടർ അറസ്റ്റിൽ

Sunday 17 July 2022 12:24 AM IST
ജയപ്രകാശ്

കൊല്ലം: പോക്‌​സോ കേസിൽ ഇരയായ 16 വയസുള്ള പെൺകുട്ടിയെ ഗർഭഛിദ്റത്തിന് വിധേയനാക്കിയ സ്വകാര്യ ക്ളിനിക്കിലെ ഡോക്ടർ പിടിയിൽ. മയ്യനാട് ജാനു വിലാസത്തിൽ ഡോ. ജയപ്രകാശിനെയാണ് (71) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അറസ്റ്റിലായ പ്രതിയെ രാത്രി എട്ടോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം പറഞ്ഞതിനാൽ ഐ.സി.യുവിലേക്കു മാറ്റി. ഇതിൽ സംശയം തോന്നിയ അഞ്ചാലുംമൂട് സി.ഐ ദേവരാജന്റെ നേതൃത്വത്തിൽ പോക്സോ കോടതി ജഡ്ജിയെ ആശുപത്രിയിൽ എത്തിച്ച് ഇയാളെ റിമാൻഡ് ചെയ്തു. പ്രതി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

സമാനമായ നിരവധി കേസുകളിൽ പ്രതി ആരോപണ വിധേയനാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ പ്രതി അനന്ദുവിനെ കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം മയ്യനാട് ക്ലിനിക്കിലെത്തി അറസ്​റ്റ് രേഖപ്പെടുത്തിയത്. അഞ്ചാലുംമൂട് എസ്.ഐ റഹീം, ഹുസൈൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


 ഒത്തുകളി പൊളിച്ചടുക്കി


അറസ്റ്റിലായ ഡോ.ജയപ്രകാശ് അരമണിക്കൂറോളംസ്‌​​റ്റേഷനിൽ ചെലവഴിച്ചിട്ടും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് തുടങ്ങിയപ്പോൾ ശരീരത്തിൽ പലേടത്തും വേദനയുണ്ടെന്നും അവശതയുണ്ടെന്നും അറിയിച്ചു. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജയപ്രകാശിന്റെ ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്‌​തേഷ്യ വിദഗ്ദ്ധയാണ്. നാടകീയത തോന്നിയതോടെയാണ് പൊലീസ് പോക്‌​സോ കോടതി ജഡ്ജിയെ ജില്ല ആശുപത്രിയിലെത്തിച്ച് റിമാൻഡ് റിപ്പോർട്ട് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. ഡിസ്ചാർജ് ചെയ്താൽ ഉടൻ ജയിലിലേക്ക് മാ​റ്റുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement