സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് ആശങ്ക; ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ലക്ഷണങ്ങളോടെ ആശുപത്രിയിൽ

Sunday 17 July 2022 11:47 AM IST

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയ‌ർത്തി മങ്കിപോക്‌സ് ഭീഷണി. ദുബായിൽ നിന്നും കണ്ണൂരെത്തിയ നാൽപതുകാരനെയാണ് രോഗലക്ഷണങ്ങളോടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുബായിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇദ്ദേഹം കണ്ണൂരെത്തിയത്. ഇദ്ദേഹത്തിന്റെ സ്രവം വിദഗ്ദ്ധ പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ അയച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കകം ഫലം വരുമെന്നാണ് വിവരം. ആശുപത്രിയിലെ പ്രത്യേകം ഒബ്‌സർവേഷൻ റൂമിലാണ് ഇയാൾ.

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഗൾഫിൽ നിന്നും എത്തിയ 35കാരനാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ഗവ. മെ‌ഡിക്കൽ കോളേജിലാണ് ചികിത്സയിലുള‌ളത്. പനിയും രോഗലക്ഷണവും ഉണ്ടായതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ആദ്യം ചികിത്സ തേടിയത്. ഇവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. ഇവിടെ പ്രത്യേക ഐസൊലേഷൻ റൂമിൽ ചികിത്സയിലാണ്. യുഎഇയിൽ ഒപ്പം ഉണ്ടായിരുന്നവർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെയാണ് പരിശോധനയ്‌ക്ക് ഇദ്ദേഹം തയ്യാറായത്.