സംസ്കാരം പള്ളിക്ക് പുറത്ത് പ്രതിജ്ഞയുമായി നവീകരണവാദികൾ

Monday 18 July 2022 1:10 AM IST

കൊച്ചി: ആത്മീയശുശ്രൂഷകളുടെ പേരിൽ പുരോഹിതർ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ 'സംസ്‌കാരം പള്ളി സെമിത്തേരിക്ക് പുറത്ത് ’ എന്ന ദൗത്യവുമായി ക്രൈസ്തവസഭകളിലെ നവീകരണവാദികൾ രംഗത്ത്. കല്ലറ വരെ കച്ചവടമാക്കുന്ന സാഹചര്യത്തിൽ സെമിത്തേരികളെ ഉപേക്ഷിക്കുമെന്ന് ഒരുവിഭാഗം പരസ്യമായി പ്രഖ്യാപിക്കും.

ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. സെമിത്തേരികൾക്ക് പകരം പൊതുശ്‌മശാനങ്ങളിൽ സംസ്‌കരിക്കുക, വിദ്യാർത്ഥികൾക്ക് പഠിക്കാൻ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹം നൽകുക എന്നിവ പ്രോത്സാഹിപ്പിക്കും. പള്ളിക്ക് പുറത്തെ സംസ്‌കാര ചടങ്ങുകളിൽ വൈദികരെ ഒഴിവാക്കും. ദഹിപ്പിക്കൽ ഉൾപ്പെടെയുള്ള രീതികൾ സ്വീകരിക്കാൻ വിശ്വാസികളെ സജ്ജമാക്കുന്ന പ്രചാരണമാണ് കൗൺസിൽ ആസൂത്രണം ചെയ്യുന്നത്.

പരസ്യപ്രതിജ്ഞ നടത്തും

സംസ്കാരം പള്ളിക്ക് പുറത്ത് മതിയെന്ന് നൂറുപേർ ആഗസ്റ്റ് 14ന് എറണാകുളം വഞ്ചിസ്‌ക്വയറിൽ പരസ്യമായി പ്രതിജ്ഞയെടുക്കും. കൂടുതൽ പേരെ ആകർഷിക്കാൻ സംസ്ഥാനതല പ്രചാരണം നടത്തുമെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി ജേക്കബ് മാത്യു പറഞ്ഞു.

കല്ലറവില്പന കച്ചവടമെന്ന്

മാമോദീസ, വിവാഹം,സംസ്കാരം തുടങ്ങിയ സന്ദർഭങ്ങളിൽ വിശ്വാസികളെ പുരോഹിതർ ചൂഷണം ചെയ്യുകയാണെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. കല്ലറകൾ നിർമ്മിച്ചു വിറ്റഴിച്ച് കോടികളാണ് നേടുന്നത്. ഒരു കല്ലറയ്ക്ക് നാലുമുതൽ 10 ലക്ഷംരൂപ വരെയാണ് ഈടാക്കുന്നത്. സ്ഥലവിലയുടെ പത്തിരട്ടിയിലേറെ തുകയാണ് കല്ലറകൾക്ക് വൈദികർ വിൽക്കുന്നത്.

പള്ളിക്ക് പുറത്തെ സംസ്‌കാര ചടങ്ങുകളിൽ വൈദികരെ ഒഴിവാക്കാൻ ജോസഫ് പുലിക്കുന്നേൽ മാതൃകയാണ് കൗൺസിൽ സ്വീകരിക്കുക. സഭാ നവീകരണവാദിയായിരുന്ന പാലാ സ്വദേശി പ്രൊഫ. കുര്യന്റെ സംസ്‌കാരം വൈദികനെ ഒഴിവാക്കി ജോസഫ് പുലിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ പ്രാർത്ഥനകൾ നടത്തി പള്ളിക്ക് പുറത്താണ് നടത്തിയത്.

2006വരെ സഭയ്ക്കൊപ്പം നിന്നതാണ്. ആത്മീയചൂഷണം തിരിച്ചറിഞ്ഞ് പിന്മാറി. വൈദികർ ശുശ്രൂഷ ചെയ്തില്ലെങ്കിൽ സ്വർഗം കിട്ടില്ലെന്ന വിശ്വാസം തിരുത്തണം. പൊതുഇടങ്ങളിൽ സംസ്‌കാരമെന്ന വിപ്ളവമാണ് ലക്ഷ്യമിടുന്നത്.

ഫെലിക്സ് ജെ. പുല്ലൂടൻ

പ്രസിഡന്റ്

ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ

സെമിത്തേരികൾക്ക് പകരം പൊതുശ്‌മശാനങ്ങളിൽ സംസ്‌കരിക്കുക

വിദ്യാർത്ഥികൾക്ക് പഠിക്കാൻ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹം നൽകുക

Advertisement
Advertisement