ശ്രീലങ്കൻ പ്രതിസന്ധി കൊച്ചിക്ക് നേട്ടം; തേയിലവില വീണ്ടും ₹300 കടന്നു

Monday 18 July 2022 3:26 AM IST

ന്യൂഡൽഹി: സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആളിക്കത്തുന്ന ശ്രീലങ്കയിൽ നിന്ന് വിദേശ വിപണിയിലേക്ക് തേയില വരവ് കുറഞ്ഞത് നേട്ടമാക്കി ഇന്ത്യ. കൊച്ചിയിലെ തേയില ലേലത്തിൽ കഴിഞ്ഞവാരം ഓർത്തഡോക്‌സ് ഇനത്തിന് വില കിലോയ്ക്ക് 342 രൂപവരെയെത്തി. ഇറാൻ, ഇറാക്ക്, ടർക്കി, മറ്റ് കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഡിമാൻഡ് കൂടിയതും നേട്ടമായി.

ദക്ഷിണേന്ത്യയ്ക്ക് പുറമേ കൊൽക്കത്തയിലെ തേയില ലേലത്തിലും മികച്ചവില രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ പ്രതിസന്ധി മൂലമുള്ള ഈ നേട്ടം ഏറെക്കാലം തുടരുമെന്ന പ്രതീക്ഷയിലാണ് കർഷകരും വിതരണക്കാരുമുള്ളത്. 3,​80,​612 കിലോ ഓർത്തഡോക്‌സ് തേയിലയാണ് കഴിഞ്ഞവാരം ലേലത്തിനെത്തിയത്. ഇതിന്റെ 74 ശതമാനത്തിനും ആവശ്യക്കാരുണ്ടായി. സി.ടി.സി ഇനം തേയില 37,000 കിലോ കഴിഞ്ഞവാരം ലേലത്തിനെത്തി; 89 ശതമാനത്തിനാണ് ആവശ്യക്കാരുണ്ടായത്.

2021ലെ കണക്കുപ്രകാരം ശ്രീലങ്കൻ തേയിലയുടെ ഏറ്റവും വലിയ വിപണികൾ ഇറാക്ക്, ടർക്കി, റഷ്യ, യു.എ.ഇ., ഇറാൻ എന്നിവയായിരുന്നു. ഇതിൽ റഷ്യ, യു.എ.ഇ., ഇറാൻ എന്നിവിടങ്ങളിലേക്കായിരുന്നു ഇന്ത്യൻ തേയില കയറ്റുമതിയുടെ 39 ശതമാനവും. ഈ രാജ്യങ്ങളും ശ്രീലങ്കയുടെ വിപണികളും ഇപ്പോൾ ഉറ്റുനോക്കുന്നത് ഇന്ത്യൻ തേയിലയെയാണ്.

Advertisement
Advertisement