കാളപ്പൂട്ട് കാർഷികോത്സവത്തിന് തുടക്കം

Monday 18 July 2022 12:34 AM IST
കാളപ്പൂട്ട് കാർഷികോത്സവത്തിൽ നിന്ന്

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ആൾ കേരള കാളപ്പൂട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിന് തുടക്കം. വണ്ടൂർ കൂരാട് പനംപൊയിലിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാളപൂട്ട് മത്സരത്തിൽ 150 ജോടി കാളകൾ മത്സരിക്കും. പനംപൊയിലിലെ ഇ.ടി മാനുവിന്റെ കണ്ടത്തിലാണ് ആവേശം വിതറിയ കാളപൂട്ട് മത്സരത്തിന് തുടക്കമായത്. ആദ്യ ദിവസത്തിൽ മികച്ചയിനം കന്നുകൾ ഉൾപ്പെട്ട എ കാറ്റഗറിയിലെ 58 ജോടികളാണ് കണ്ടത്തിലിറങ്ങിയത്. ആവേശം നിറഞ്ഞ മത്സരം കാണാൻ മറ്റു ജില്ലകളിൽ നിന്നടക്കം മത്സര പ്രേമികളെത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് കാളപൂട്ട് മത്സരമാണ് നടക്കുന്നത്. ആദ്യ ദിനത്തിൽ ഒരു ലക്ഷത്തോളം രൂപ സമാഹരിക്കാനായി. ഇത് കൂരാട്ടിലെ തിരഞ്ഞടുത്ത മൂന്നു കുടുംബങ്ങളിലെ രോഗികളുടെ ചികിത്സയ്ക്ക് കൈമാറും. ആദ്യ ദിനത്തിൽ കാവനൂർ സ്വദേശി ചിറ്റേങ്ങാടൻ സുഫൈൽ മോന്റെ കാളകൾ ഒന്നാമതെത്തി. 2015ൽ രൂപീകരിച്ച വാട്‌സ് ആപ്പ് കൂട്ടായ്മയിൽ ഇന്ന് 91 അംഗങ്ങളാണുള്ളത്. ഷംസുദ്ധീൻ കാവുങ്ങൽ,കെ.പി.എം ഫൈസൽ കപ്പൂർ, വി.ദിനീപ്, ഇ.പി മുഹമ്മദ് തുടങ്ങിയവർ നേതൃത്യം നൽകി.

Advertisement
Advertisement